കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമായ വയനാട്ടിൽ ഈസി വാക്കോവറിന് യു.ഡി.എഫും വിട്ടുകൊടുക്കാൻ ഒരുക്കമില്ലാതെ മറ്റ് രണ്ട് മുന്നണികളും പൊരിഞ്ഞ പോരാട്ടത്തിലാണ്. 2019 ൽ പൊതു തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു രാഹുൽ വയനാട്ടിൽ നേടിയത്.
 10,89,999 വോട്ടുകൾ രേഖപ്പെടുത്തിയതിൽ 7,06,367 വോട്ടും രാഹുലിനായിരുന്നു. അന്നത്തെ 4,31,770 എന്ന ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലേറെയാക്കി കൂട്ടാനാണ് ഇത്തവണ യു.ഡി.എഫ് ശ്രമിക്കുന്നത്.
കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 2,74,597 ഉം എൻ.ഡി.എയ്ക്ക് 78,816 ഉം വോട്ടുകളേ കിട്ടിയുള്ളൂ. മലപ്പുറത്ത് 2014 ൽ ഇ.അഹമ്മദ് നേടിയ 2,37,031 ഭൂരിപക്ഷമെന്ന റെക്കോർഡാണ് രാഹുൽ ഗാന്ധി തിരുത്തിയെഴുതിയത്.  ഇത്തവണ അതും തിരുത്താനാണ് യു.ഡി.എഫ് ശ്രമം. മണ്ഡലപര്യടനത്തിനെത്തിയ രാഹുലിനെ കാണാനെത്തിയ ജനക്കൂട്ടം ഇതിന് തെളിവാണെന്ന് യു.ഡി.എഫ് പറയുന്നു. എന്നാല്‍ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കും എന്നതടക്കം വിവാദങ്ങളുയർത്തി ശ്രദ്ധ തിരിക്കാനാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ ശ്രമം. മെഗാ റോഡ് ഷോയുമായി കളം നിറയുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജ.
ദേശീയ നേതാവിന്റെ തിരക്കുകളുള്ളതിനാൽ മണ്ഡലത്തിൽ നേരിട്ട് സജീവമാകാൻ രാഹുൽ ഗാന്ധിക്കു കഴിയാത്തതിന്റെ കേടു തീർത്താണ് വയനാട്ടിൽ യു.ഡി.എഫിന്റെ പ്രചാരണം. അവസാന ഘട്ടത്തിൽ കുടുംബസംഗമങ്ങളിലാണു മുന്നണികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ക്വാഡ് പ്രവർത്തനവും സജീവം. 
രാഹുൽ ഗാന്ധി എന്തിനു ‍ തങ്ങൾക്കെതിരെ മത്സരിക്കുന്നുവെന്ന ചോദ്യമാണു വയനാട്ടിലുടനീളം പ്രചാരണയോഗങ്ങളിൽ എൽഡിഎഫ് ഉയർത്തുന്നത്.  സിറ്റിങ് എംപി വയനാടിനെ കൈവെടിയുന്നതു തെറ്റായ സന്ദേശം നൽകില്ലേയെന്നു യുഡിഎഫ് തിരിച്ചടിക്കുന്നു. ഇന്ത്യാമുന്നണിയുടെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും ആനി രാജയും ‘ഡൽഹിയിൽ ദോസ്തിയും വയനാട്ടിൽ ഗുസ്തി’യുമാണെന്ന് എൻഡിഎ പ്രചരിപ്പിക്കുന്നു.
പ്രചാരണ വിഷയങ്ങൾ ഏറെയാണ് വയനാട്ടിൽ. വന്യജീവിശല്യം, വികസന മുരടിപ്പ്, പൗരത്വനിയമവിവാദം, കാർഷികപ്രതിസന്ധി, വരൾച്ച, മണിപ്പുർ കലാപം എന്നിവയെല്ലാം സജീവ ചർച്ചാവിഷയം. ആദിവാസികളെ പേരുമാറ്റി വനവാസികളെന്ന് ആക്ഷേപിക്കുന്ന ആർഎസ്എസ് നിലപാടിനെതിരേ ഇടത്, വലത് മുന്നണികൾ ഒരുപോലെ രംഗത്തുണ്ട്. 
രാഹുൽ ഗാന്ധിയുടെ റാലിയിൽ ലീഗിന്റെ കൊടി ഒഴിവാക്കിയതും ഇടത് മുന്നണി ചർച്ചാവിഷയമാക്കുന്നു.  ബിജെപിയെ പേടിച്ച് ലീഗ് കൊടി മാറ്റുന്നവർ എങ്ങനെ ഫാസിസ്റ്റ് വിരുദ്ധ പോരാളികളാകുമെന്നാണ് ഇടതിന്റെ ചോദ്യം. രാജ്യമാകെ ശ്രദ്ധിക്കുന്ന പോരാട്ടമാണ് ഇക്കുറിയും വയനാട്ടിലേത്. 
മത്സരിക്കാനില്ലെന്ന് ആദ്യം നിലപാടെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റിനെ കേന്ദ്ര നേതൃത്വം ഇടപെട്ട് വയനാട്ടിൽ ഇറക്കിയതും മറുവശത്ത് രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതിനാലാണ്.
രാഹുലിന്റെ ഭൂരിപക്ഷം 5 ലക്ഷമാക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. പുതുതായി ഒരുലക്ഷം വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും അതിൽ ബഹുഭൂരിപക്ഷം പേരും രാഹുലിനു വോട്ട് ചെയ്യുമെന്നും നേതാക്കൾ പറയുന്നു. 
ഇത്തവണ 1,04,604 വോട്ടർമാരുടെ വർധനയാണ് മണ്ഡലത്തിലുള്ളത്. സ്ത്രീ വോട്ടർമാരാണു കൂടുതൽ– 7,41,354 പേർ. 7,21,054 പുരുഷവോട്ടർമാരുമുണ്ട്. മാനന്തവാടി, ബത്തേരി, കൽപറ്റ, തിരുവമ്പാടി, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ സത്രീ വോട്ടർമാരാണു കൂടുതൽ. 
വയനാട്ടിലെ ഓരോ രാഷ്ട്രീയവിവാദവും ഉത്തരേന്ത്യയിലും പൊള്ളുന്ന വിഷയങ്ങളാക്കി ബി.ജെ.പി ഉയർത്തുന്നുണ്ട്. കഴിഞ്ഞ തവണ ലീഗിന്റെ പതാക പാറിച്ചത് ഉത്തരേന്ത്യയിൽ ബിജെപി ഉയർത്തിക്കാട്ടിയതിനാലാണ് ഇത്തവണ അത് ഒഴിവാക്കിയത്. ഇങ്ങനെ ഏറെ കരുതലോടെയാണ് മുന്നണികളുടെയെല്ലാം പ്രചാരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *