ഇടുക്കി: നെടുങ്കണ്ടം സൗത്ത് ഇന്ത്യന്‍ ബാങ്ക് ജപ്തിക്കിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിന്റെ മരണത്തില്‍ പോലീസിനെതിരെ മകള്‍. അമ്മയുടെ മരണം കൊലപാതകമാണെന്ന് മകള്‍ പറഞ്ഞു.
”ജപ്തി നടപടിയ്ക്കായി വന്നവരുടെ കാല് പിടിച്ച് അമ്മ പറഞ്ഞതാണ് കേസ് നടക്കുന്നതാണ് വിധി 22ന് വരും, അതുകഴിഞ്ഞ് നിങ്ങള്‍ നടപടിയെടുത്തോളൂവെന്ന്. എന്നാല്‍ നീനു ഏബ്രഹാം എന്ന ഉദ്യോഗസ്ഥ അത് സമ്മതിച്ചില്ല. ജപ്തി നടപടി മുന്നോട്ട് പോകണമെന്ന് അവര്‍ പറഞ്ഞു. ഇവിടെനിന്ന് ഇറക്കിവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് അമ്മ പറഞ്ഞുവെങ്കിലും അത് സംഭവിക്കില്ലായിരുന്നു. നിങ്ങള്‍ ജീവനൊടുക്കിയാലും ഇവിടെ നിന്ന് ഇറക്കിവിടുമെന്ന് നീനു എബ്രഹാം പറഞ്ഞു.
അമ്മയുടെ കൈയ്യിലിരുന്ന പെട്രോള്‍കുപ്പിയില്‍ നിന്നും പിടിവലിക്കിടെയാണ് ശരീരത്ത് പെട്രോള്‍ വീണത്. അല്ലാതെ സ്വയം ഒഴിച്ചതല്ല. തീ പടര്‍ന്നതും എവിടെ നിന്നെന്ന് അറിയില്ല. പൊള്ളലേറ്റ് കിടന്നപ്പോള്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ മനസ് കാണിച്ചില്ല. തീയണയ്ക്കുമ്പോള്‍ അമ്മയ്ക്ക് ജീവനുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ മരണം സംഭവിച്ചു. ആത്മഹത്യയല്ല കൊലപാതകം തന്നെയാണിത്. തങ്ങള്‍ക്ക് നീതി വേണം”- മകള്‍ പറയുന്നു.
ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കുന്നതിനിടെ എസ്.ഐക്കും വനിതാ പോലീസിനും പൊള്ളലേറ്റിരുന്നു.