കൊച്ചി: തെരഞ്ഞെടുപ്പിനെ മോദി എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിനു തെളിവാണ് അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാല്‍. 
ഒരു പ്രധാനമന്ത്രി സംസാരിക്കേണ്ട ഭാഷയിലല്ല മോദി സംസാരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നുണ പ്രചരിപ്പിക്കുന്ന ആളാണ് മോദിയെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രകടന പത്രികയെക്കുറിച്ച് അവാസ്തവമായ കാര്യങ്ങളാണ് മോദി പ്രചരിപ്പിക്കുന്നത്. പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് മോദി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക കൈമാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് തേടിയിട്ടുണ്ട്. 
പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വായിച്ചു പഠിക്കട്ടെ. മോദിയുടെ വിദ്വേഷ പ്രചാരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് പ്രകടന പത്രിക മോദിക്ക് അയച്ചുകൊടുക്കും. മോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനവും കമ്മീഷന് കൈമാറും. 
വിദ്വേഷ പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിദ്വേഷ പ്രസംഗമാണ് മോദി നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനവും പരസ്യമായ കലാപാഹ്വാനവുമാണ്. പൗരത്വ ബില്ലിനെ കൃത്യമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എതിര്‍ത്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ സി.എ.എ. നടപ്പാക്കില്ലെന്ന്  രാഹുല്‍ പറഞ്ഞു. എന്നിട്ടും മോദി നുണ പ്രചരിപ്പിക്കുകയാണ്.
പരാജയ ഭീതിയുടെ വിഭ്രാന്തിയില്‍ നിന്നുണ്ടായ പ്രസംഗമാണ് മോദിയുടേത്. മോദി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. മണിപ്പൂരിലും ഇതേ തന്ത്രമാണ് മോദി സ്വീകരിച്ചത്. തന്റെ പേരെടുത്ത് പറഞ്ഞുള്ള മോദിയുടെ വിമര്‍ശനം പച്ചക്കള്ളമാണ്. രാജ്യസഭ രേഖകള്‍ എടുത്തു നോക്കിയാല്‍ എന്റെ ഡിബേറ്റുകളെ കുറിച്ചറിയാം, ഞാന്‍ രാജസ്ഥാനെക്കുറിച്ചും കേരളത്തെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. 
ബി.ജെ.പി. എം.പിമാര്‍ ചോദിച്ചതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട്. എന്തിനാണ് പ്രധാനമന്ത്രി ഇങ്ങനെ കള്ളം പറയുന്നതെന്നും വേണുഗോപാല്‍ ചോദിച്ചു. കെ.പി.സി.സി. ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന്‍, ഡി.സി.സി. പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ്, കോണ്‍ഗ്രസ് നേതാക്കളായ ദീപ്തി മേരി, അബ്ദുള്‍ മുത്തലിബ്, ഷാനിമോള്‍ ഉസ്മാന്‍, കെ.പി. ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *