കല്‍പ്പറ്റ: ന്യൂനപക്ഷ ആനുകൂല്യങ്ങളുടേയും സ്‌കോളര്‍ഷിപ്പിന്റെയും കാര്യത്തില്‍ ക്രിസ്ത്യാനികളോട് ചിറ്റമ്മനയമാണ് കേരളത്തില്‍ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്ക് നല്‍കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് 20% മാത്രമാണ് ലഭിക്കുന്നത്. 80:20 അനുപാതം നീതിയല്ല. ജനസംഖ്യാനുപാതത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. 
ക്രിസ്ത്യാനികള്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണമെന്ന് പറയുന്ന ഓരേ ഒരു പാര്‍ട്ടി ബി.ജെ.പി. മാത്രമാണെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞത് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗമാണ്. തന്റെ സര്‍ക്കാര്‍ വിഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മുസ്ലിം വിഭാഗത്തിനാണ് പ്രഥമ പരിഗണന കൊടുക്കുകയെന്ന് മനമോഹന്‍ പറഞ്ഞത് എല്ലാവരും കണ്ടതാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ എല്ലാവര്‍ക്കും തുല്ല്യപരിഗണനയാണ് കൊടുക്കുന്നത്. 
ഐ.എന്‍.ഡി. സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ഗാന്ധിക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും പ്രചരണം നടത്തുന്ന സി.പി.എം. കേരളത്തില്‍ മാത്രം അദ്ദേഹത്തെ അംഗീകരിക്കാത്തത് അപഹാസ്യമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് പോലും ദില്ലിയില്‍ രാഹുലിനെ കെട്ടിപിടിച്ച് പ്രധാനമന്ത്രിയാകാന്‍ ആശംസിക്കുകയാണ്. 
രാജസ്ഥാനില്‍ സി.പി.എമ്മിന്റെ സീറ്റ് പ്രഖ്യാപിച്ചത് കെ.സി. വേണുഗോപാലാണ്. കേരളത്തില്‍ മാത്രം രാഹുലിനെ അംഗീകരിക്കില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. അവ്യക്തതയും ആശയകുഴപ്പവും പരിഹാസവുമാണ് സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തിലെ അഴിമതിയെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറുപടിയില്ല. സംസ്ഥാനത്ത് എല്ലാ അഴിമതിയും കൊള്ളയും പരസ്പര സഹകരണത്തിലൂടെ മൂടിവെക്കുകയാണ് രണ്ട് മുന്നണികളും ചെയ്യുന്നത്. മലപ്പുറത്ത് മുസ്ലിംലീഗിന്റെ കൊടി ഉയര്‍ത്തുന്നത് എല്‍.ഡി.എഫാണ്. വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത്. ലീഗിന്റെ കൊടി ഉയര്‍ത്തിയാല്‍ ബി.ജെ.പി. ഉത്തരേന്ത്യയില്‍ പ്രചരണം നടത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 
മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പറയാത്തത്? 50 കൊല്ലത്തെ തങ്ങളുടെ സഖ്യക്ഷിയുടെ കൊടി താഴ്ത്തികെട്ടുന്നത് തീര്‍ച്ചയായും വയനാട്ടില്‍ കോണ്‍ഗ്രസിന് അശുഭലക്ഷണമാണ്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ രാഹുലിന് വയനാട്ടില്‍ 50,000 വോട്ട് തികച്ചും കിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന ഇടത്-വലത് മുന്നണികള്‍ സംസ്ഥാനത്ത് അപ്രസക്തമായി കഴിഞ്ഞു. 
മോദിയുടെ ഗ്യാരന്റിയാണ് കേരളത്തിലെ ചര്‍ച്ചാ വിഷയം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്നു. പാവപ്പെട്ടവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ഇല്ല. ജല്‍ ജീവന്‍ മിഷന്‍ മുടങ്ങി. കേന്ദ്രപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. സര്‍വ്വത്ര അഴിമതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും ബി.ജെ.പി. അധ്യക്ഷന്‍ പറഞ്ഞു.  വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സന്ദീപ് ജി. വാര്യര്‍ എന്നിവര്‍ സംബന്ധിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *