രാവിലെ ഒമ്പതു മണിക്ക് നെടുവാന്‍വിളയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പുത്തന്‍കട, മുള്ളവിള, ഇഞ്ചിവിള, പാമ്പാടി, ചിറക്കോണം, പഞ്ചായത്ത് ഓഫീസ് ധനുവച്ചപുരം, ഉദിയന്‍കുളങ്ങര, പെരുങ്കട വിള തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോയ പര്യടനം ഉച്ചയ്ക്ക് ആങ്കോട് ബ്ലോക്ക് നടയില്‍ സമാപിച്ചു.  എല്ലായിടത്തും സ്ഥാനാര്‍ത്ഥിയുടെ തുറന്ന വാഹനത്തെ അനുഗമിച്ച് ബൈക്ക് റാലിയും ഓട്ടോ റാലിയുമുണ്ടായിരുന്നു. താമര ഹാരം, പനനൊങ്ക്, വാഴക്കുല തുടങ്ങി വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ നല്‍കിയാണ് ഗ്രാമ പ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. പ്രചാരണത്തിരക്കിനിടെ കോഴിക്കോട്ട് നിന്നെത്തിയ രണ്ട് യുവ സംരംകരെ കാണാനും രാജീവ് സമയം കണ്ടെത്തി. തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും കാണാമെന്നും അവരുടെ പദ്ധതിയെ കുറിച്ച് സംസാരിക്കാമെന്നും ഉറപ്പു നല്‍കി.
ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയാകെ മാറി. രാവിലത്തെ കനത്ത ചൂടില്‍ നിന്നും കനത്ത മഴയിലേക്ക് മാറി. ഉച്ച ഭക്ഷണത്തിനും ലഘു വിശ്രമത്തിനും ശേഷം ആലത്തൂര്‍ കോഴിക്കോട് നിന്നായിരുന്നു പര്യടനം പുനരാരംഭിച്ചത്. കോഴിക്കോട്,  ആലത്തൂർ മണ്ഡലങ്ങളിൽ വാശിയേറിയ മറ്റൊരു പോരാട്ടം നടക്കുന്നുണ്ടെങ്കിലും  തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട ആലത്തൂരിലും കോഴിക്കോട്ടും എൻഡിഎ ആണ് വീറോടെ പൊരുതുന്നത്. ഇവിടെയും രാജീവിന് ആവേശം നിറഞ്ഞ വരവേൽപ്പാണ് ലഭിച്ചത്. വരമ്പിന്‍കട, ആനാവൂര്‍, എള്ളുവിള, നരിക്കോട്, നിലമാംമൂട്, പനയറക്കോണം, വരട്ടയം തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു പോയി വണ്ടിത്തടത്ത് സമാപിച്ചു. വണ്ടിത്തടത്തു നിന്നും റോഡ് ഷോ ആരംഭിച്ചു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ആയിരുന്നു ഞായറാഴ്ച രാജീവിനൊപ്പം ചേര്‍ന്ന താര പ്രചാരകന്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *