വാഷിംഗ്ടൺ: വെസ്റ്റ് ബാങ്കിൽ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഇസ്രയേലി സേനയുടെ (ഐ ഡി എഫ്) നെറ്റ്സാ യഹൂദ ബറ്റാലിയനു യുഎസ് ഉപരോധം ഏർപെടുത്തരുതെന്നു ഇസ്രയേലി മന്ത്രി ബെന്നി ഗാൻറ്സ് ആവശ്യപ്പെട്ടു. അത്തരമൊരു ഉപരോധം യുദ്ധകാലത്തു ഇസ്രയേലിന്റെ വിശ്വസനീയത തകർക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ഫോണിൽ സംസാരിക്കവെ ഗാൻറ്സ് ചൂണ്ടിക്കാട്ടി.
നെറ്റ്സാ യഹൂദ ബറ്റാലിയൻ ഗാസയിൽ ഹമാസിനെതിരെ യുദ്ധം ചെയ്തു കൊണ്ടിരിക്കയാണ്. ബറ്റാലിയൻ ഐ ഡി എഫ് അനുശാസിക്കുന്ന വിധം അന്താരാഷ്ട്ര മര്യാദകൾ പാലിച്ചാണ് യുദ്ധം ചെയ്യുന്നതെന്നു ഐ ഡി എഫ് പ്രസ്താവനയിൽ പറഞ്ഞു. ഉപരോധം വരുന്നതായി അറിവില്ല.
ഇസ്രയേലിനു ശക്തമായ നീതിന്യായ സംവിധാനം ഉണ്ടെന്നും ഇക്കാര്യത്തിൽ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്നും ഗാൻറ്സ് ചൂണ്ടിക്കാട്ടി. ഉപരോധം ഉണ്ടാവുമെന്നു ഇസ്രയേലി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കടുത്ത മത തീവ്രവാദികൾ ഉൾപ്പെട്ട ബറ്റാലിയൻ വെസ്റ്റ് ബാങ്കിലെ പലസ്തീൻകാരെ പീഡിപ്പിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. അത്തരം പീഡനങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുമുണ്ട്. കണ്ണും വായും മൂടിക്കെട്ടി അവർ അറസ്റ്റ് ചെയ്ത 80 വയസുള്ള ഒരു പലസ്തീൻകാരൻ ഹൃദയാഘാതം മൂലം മരിച്ചു.
ഐ ഡി എഫിനെതിരെ ഉപരോധം കൊണ്ടുവന്നാൽ സർവ ശക്തിയും ഉപയോഗിച്ച് എതിർക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു.