നെടുകണ്ടം: ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ഷീബയും കുടുംബവും അഞ്ച് വര്‍ഷം മുമ്പ് വീടും സ്ഥലവും ഏറ്റെടുത്തെങ്കിലും നിയമപരമായി വസ്തു ഇവരുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
വസ്തു വാങ്ങുമ്പോള്‍ ബാങ്ക് ബാധ്യതയായ 15 ലക്ഷം രൂപ ഏറ്റെടുത്ത ശേഷം ബാക്കി പണം മുഴുവന്‍ നല്‍കിയാണ് വസ്തു കൈമാറ്റം നടത്തിയതെന്നുമാണ് വിവരം. ബാങ്ക് വായ്പ നിലനില്‍ക്കുന്നതിനാല്‍ തന്നെ ആധാരം എഴുതാതെ കരാര്‍ മാത്രമാണുണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
ഷീബയ്ക്കും കുടുംബത്തിനും വായ്പ നല്‍കിയിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നെടുകണ്ടം സ്വദേശിയായ ഷീബയുടെ വീടിന്റെ മുന്‍ ഉടമയുടെ പേരിലാണ് 2015ലെ വായ്പയുള്ളത്. മുന്‍ ഉടമയുടെ ബാങ്ക് വായ്പത്തുകയില്‍ ബാക്കി തുക അടച്ചുതീര്‍ത്ത ശേഷം വസ്തു തീറെഴുതുമെന്നായിരുന്നു ഷീബയും കുടുംബവുമായുള്ള ഉടമയുടെ കരാര്‍.
എന്നാല്‍, കോവിഡും പ്രളയവും കാരണമുണ്ടായ സാമ്പത്തിക പ്രസന്ധികാരണം ബാങ്ക് അടവു മുടങ്ങുകയായിരുന്നു. പലിശയും കൂട്ടുപലിശയുമായി വായ്പ അറുപതു ലക്ഷത്തോളമായെന്നാണ് വിവരം. ഷീബയുടെ ഭര്‍ത്താവ് ദിലീപ് ഏറെക്കാലമായി ഹൃദ്രോഗിയാണ്. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും വായ്പ അടയ്ക്കാന്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ടിരുന്നു.