മുംബൈ: ടിസ്സിലെ മലയാളി വിദ്യാർത്ഥി രാമദാസിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് സംയുക്ത വിദ്യാർത്ഥി കൂട്ടായ്മയായ യുഎസ്ഐ. സംഘപരിവാറിന് എതിരായ വിമർശനങ്ങൾ അടിച്ചമർത്താനുള്ള ശ്രമമാണ് നടപടിയെന്ന് യുണൈറ്റഡ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി. അതേസമയം സസ്പെൻഷൻ നടപടിക്ക് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് രാമദാസൻ. നിയമപരമായ പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് രാമദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലിയിൽ ജനുവരി 12ന് യുണൈറ്റഡ് സ്റ്റുഡന്‍സ് ഓഫ് ഇന്ത്യ എന്ന പേരിൽ രാജ്യത്തെ 16 പ്രതിപക്ഷ സംഘടനകള്‍ ചേർന്ന് പാർലമെന്‍റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. ആ പൊതുയോഗത്തിൽ സംസാരിച്ചു എന്നതാണ് തനിക്കെതിരായ നടപടിക്ക് ഒരു കാരണമായി പറഞ്ഞിട്ടുള്ളതെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം രാമദാസ് പറഞ്ഞു. ആനന്ദ് പട്‍വർദ്ധന്‍റെ ഡോക്യുമെന്‍ററി രാം കെ നാം കാണണമെന്ന് ഫേസ് ബുക്കിലൂടെ അഭ്യർത്ഥിച്ചു എന്നതാണ് രണ്ടാമത്തെ രാജ്യവിരുദ്ധ പ്രവർത്തനമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പഠനത്തിന്റെ ഭാഗമായുള്ള ഒരു ഡോക്യുമെന്ററി കാണണമെന്ന് പറയുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്ന് താൻ കരുതുന്നില്ലെന്ന് രാമദാസ് പറഞ്ഞു.
‘എന്‍റെ കടമ’; വോട്ട് ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഗവേഷക വിദ്യാർത്ഥി രാമദാസിനെ രണ്ടു വർഷത്തേക്കാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാം കെ നാം ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുകൾ പങ്കുവച്ചു, അത് ക്യാംപസിൽ പ്രദർശിപ്പിച്ചു, ഭഗത് സിങ് അനുസ്മരണ പരിപാടിയിൽ വിവാദ പ്രഭാഷകരെ പങ്കെടുപ്പിച്ചു, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാത്രിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി, വിശദീകരണം തേടി നൽകിയ നോട്ടീസുകളിൽ അനാദരവോടെ പ്രതികരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാമദാസിനെതിരെ കോളജ് ഉയർത്തിയത്. സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രാമദാസ് വ്യക്തമാക്കി.