തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവന്‍ മണിക്കും വന്നതെന്നും മണി പേടികൊണ്ട് ചികിത്സിക്കാന്‍ തയാറായില്ലെന്നും വെളിപ്പെടുത്തി നടന്‍ സലിംകുമാര്‍. കരള്‍ രോഗ ബാധിതനായിരുന്നു മണി 2016 മാര്‍ച്ച് അഞ്ചിനാണ് മരിച്ചത്. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സലിം കുമാറിന്റെ തുറന്നു പറച്ചില്‍.
”മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവന്‍ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടര്‍ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാന്‍ പറയെന്ന് പറഞ്ഞിരുന്നു. എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്. സിംപിളായി മാറ്റാമായിരുന്നു. പക്ഷെ പേടിച്ചിട്ട് പുള്ളിയത് കൊണ്ടുനടന്നു.
അസുഖബാധിതനായിരുന്ന സമയത്തും മണി കസേരയില്‍ ഇരുന്ന് സ്റ്റേജ് ഷോയൊക്കെ ചെയ്തിരുന്നു. അസുഖമുണ്ടെന്ന് അംഗീകരിക്കാന്‍ മണി തയാറായിരുന്നില്ല. ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു. സിനിമയില്‍ നിന്ന് പുറത്താകുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു. അതല്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ പാതയിലൂടെ പോയിരുന്നെങ്കില്‍ മണി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു…”