ഇംഫാൽ: ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണിപ്പൂരിൽ റീപോളിങ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലാണ് റീപോളിങ് പ്രഖ്യാപിച്ചത്.
അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിങ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ ഇടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു. ഏപ്രിൽ 22നാണ് റീപോളിങ് നടക്കുക. 
അതേസമയം, ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഇന്ത്യ സഖ്യത്തിന്റെ പോളിങ് ഏജന്‍റുമാർക്കെതിരെ ആക്രമണം നടന്നു.
സ്ഥാനാർത്ഥികൾക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ല. വ്യാപക കള്ളവോട്ട് നടന്നെന്ന് സിപിഎം വിമർശിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും വിമർശനം ഉന്നയിച്ചു. 
പരാതിയെ തുടർന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.  
ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രാംനഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *