കോട്ടയം: ഏറ്റുമാനൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് വീട്ടിലേക്ക് പോകാൻ 108 ആംബുലൻസ് സേവനം നിഷേധിച്ചു എന്ന തരത്തിൽ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
അത്യാഹിത ഘട്ടങ്ങളിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച ബേസിക്ക് ലൈഫ് സപ്പോർട്ട് ആംബുലൻസ് പദ്ധതിയാണ് കനിവ് 108 ആംബുലൻസ് സർവീസ്. ഇതിനായി ഓരോ ആംബുലൻസിലും പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ആംബുലൻസ് പൈലറ്റ് എന്നിവരുടെ സേവനം ആണ് ലഭ്യമാക്കിയിട്ടുള്ളത്.
അതിനാൽ തന്നെ മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനോ, രോഗികളെ ഒ.പിയിലേക്ക് കൊണ്ടുപോകുന്നതിനോ, ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനോ കനിവ് 108 ആംബുലൻസിന്റെ സേവനം ലഭിക്കുന്നതല്ല. 108 ആംബുലൻസുകളുടെ പ്രവർത്തനം പൂർണമായും തിരുവനന്തപുരം ടെക്നോപാർക്കിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂം വഴിയാണ് നടക്കുന്നത്. അതിനാൽ തന്നെ ആശുപത്രി അധികൃതർക്ക് 108 ആംബുലൻസ് സേവനം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ കഴിയില്ല.
അടിയന്തിര വൈദ്യസഹായം ലഭ്യമാകേണ്ട സാഹചര്യത്തിൽ പൊതുജനത്തിന് 108 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സയ്ക്കായി രോഗിയെ മാറ്റണമെങ്കിൽ ഡോക്ടർ ബന്ധപ്പെട്ടാൽ മാത്രമേ 108 ആംബുലൻസിന്റെ സേവനം ലഭ്യമാകുകയുള്ളൂ.