സിപിഎമ്മില്‍ അഴിമതിയും കുടുംബവാഴ്ചയും, പിണറായിയോട് മൃദുസമീപനം ഇല്ല: നരേന്ദ്ര മോദി

ദില്ലി: കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മില്‍ രഹസ്യഅന്തര്‍ധാരയുണ്ടെന്ന യുഡിഎഫ് വിമര്‍ശനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, കേരള മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും യാതൊരു മൃദുസമീപനവും ഇല്ലെന്ന് മോദി പറഞ്ഞു.

ഇക്കാര്യത്തില്‍ നരേന്ദ്ര മോദിയുടെ സമീപനം മൃദുവാണോ കര്‍ശനമാണോ എന്നത് പ്രസക്തമല്ലെന്നും മോദി പറഞ്ഞു. എല്ലാ അന്വേഷണ ഏജന്‍സികളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയോ സര്‍ക്കാരോ അതില്‍ ഇടപെടാറില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ ബിജെപി എക്കാലവും തുറന്നുകാട്ടിയിട്ടുണ്ട്-മോദി പറഞ്ഞു.

‘കുടുംബവാഴ്ചയും അഴിമതിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും ആരോപിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോള്‍ അഴിമതിയും കുടുംബവാഴ്ചയും ബിഹാറിലെ ചില കുപ്രസിദ്ധ നേതാക്കളെ പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ബാധിച്ചിരിക്കുന്നു. സിപിഎം സഹകരണ ബാങ്കുകളെ കൊള്ളയടിച്ച ഉദാഹരണം നമുക്ക് മുന്നിലുണ്ട്. അത് തുറന്നുകാണിക്കാനും പണം നിക്ഷേപിച്ചവര്‍ക്ക് നീതി ലഭിക്കാനും ഇടപെടുന്നത് തുടരും. സിപിഎം നേതാക്കളെ പിടിച്ച് ജയിലില്‍ അടയ്ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ദില്ലിയില്‍ അത് ചെയ്താല്‍ രാഷ്ട്രീയ നേതാക്കളോട് പ്രതികാരബുദ്ധിയോടെ മോദി പെരുമാറുന്നു എന്നാണ് ഇവര്‍ വ്യാഖ്യാനിക്കുക. ഇങ്ങനെ രണ്ട് നിലപാട് സ്വീകരിക്കുന്നവരെ രാജ്യത്തിന് അംഗീകരിക്കാനാവില്ലെന്ന് മോദി പറഞ്ഞു.

Read more: രാഹുലിന് വയനാട് വിടേണ്ടിവരും, ദക്ഷിണേന്ത്യ ബിജെപി സൗഹൃദം, സീറ്റും വോട്ട് ഷെയറും കൂട്ടും: നരേന്ദ്ര മോദി

ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ചോദിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ഒരു മലയാള മാധ്യമത്തിന് അഭിമുഖം അനുവദിച്ചത്. മോദി നല്‍കിയ ഏറ്റവും ദൈര്‍ഘ്യമേറിയ അഭിമുഖവും ഇതാണ്. ഏഷ്യാനെക്‌സ്റ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരാണ് മോദിയുമായി അഭിമുഖം നടത്തിയത്.  

Read more: ബിജെപി ക്രൈസ്തവര്‍ക്കൊപ്പം, പള്ളിത്തര്‍ക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടു: നരേന്ദ്ര മോദി

By admin