തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പൻ്റെ പ്രചാരണം മുറുകുമ്പോൾ കേരളത്തിലെ ഇടതു മുന്നണിയുടെ നേതൃനിരയിൽ പ്രധാന പദവി വഹിക്കുന്ന ഇ.പി. ജയരാജൻ്റെ അസാന്നിധ്യം ചർച്ചയാകുന്നു. മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തെ മുന്നിൽ നിന്ന് നയിക്കേണ്ട ഇ.പി.ജയരാജനെ എവിടെയും കാണാനില്ല.
ഇടയ്ക്ക് കണ്ണൂർ മണ്ഡലത്തിലോ കാസർകോഡ് മണ്ഡലത്തിലോ ഓരോ പരിപാടിയിൽ പങ്കെടുക്കുന്നതല്ലാതെ സി.പി.എം കേന്ദ്രകമ്മിറ്റിയിലെ മുതിർന്ന അംഗം കൂടിയായ ഇ.പി.ജയരാജനെ എവിടെയും കാണാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് കേരളം മുഴുവൻ സഞ്ചരിച്ച് പ്രചാരണം നയിക്കേണ്ട ഇ.പി.ജയരാജൻ കണ്ണൂരിൽ മാത്രമായി ഒതുങ്ങിയതിൻെറ കാരണം എന്താണെന്ന ചോദ്യവും പാർട്ടിയിലും മുന്നണിയിലും ഉയരുന്നുണ്ട്.
കൺവീനർ പെട്ടതോ പെടുത്തിയതോ ?
സ്വന്തം ജില്ലക്ക് പുറത്തേക്ക് പോയി പ്രചാരണം നടത്തേണ്ടെന്ന് ഇ.പി.ജയരാജൻ സ്വയം തീരുമാനം എടുത്തതോ അതോ സി.പി.എം തീരുമാനിച്ചതോ എന്നതിലാണ് സംശയം. സംസ്ഥാനത്തെ ഇടത് മുന്നണിയുടെ ചരിത്രത്തിൽ ഒരു കൺവീനർക്കും ഇത്തരമൊരു പ്രശ്നം നേരിടേണ്ടി വന്നിട്ടില്ലെന്നതാണ് ചരിത്രം. മുന്നണി രൂപീകരണം മുതലുളള ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാകും.
അതുകൊണ്ട് തന്നെ ജില്ലയിലൊതുങ്ങി പ്രചാരണം നടത്താമെന്ന് ഇ.പി.ജയരാജൻ സ്വയം തീരുമാനിച്ചതായിരിക്കാനിടയില്ല. മറിച്ച് പാർട്ടി നിർദ്ദേശപ്രകാരം അദ്ദേഹത്തിന് സ്വന്തം ജില്ലയിൽ ഒതുങ്ങേണ്ടി വന്നതാകാനാണ് സാധ്യത.അപ്പോൾ അതിന് കാരണം എന്താണെന്ന ചോദ്യവും പ്രസക്തമാണ്. ലോകസഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിൻെറ തുടക്കത്തിൽ ഇ.പി.ജയരാജൻ നടത്തിയ ചില പ്രതികരണങ്ങൾ രാഷ്ട്രീയ വിവാദം ആയിരുന്നു.
നാവ് പിഴവ് വിനയായപ്പോള്‍ ?
കേരളത്തിലെ അഞ്ച് സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതാണെന്നും കേരളത്തിലെ പോരാട്ടം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നുമുള്ള ഇ.പിയുടെ പ്രതികരണമാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ബി.ജെ.പിക്ക് മികച്ച സ്ഥാനാർത്ഥികളാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ അത് ഏതൊക്കെ മണ്ഡലങ്ങളിലാണെന്ന് കൂടി വിശദമാക്കിയതോടെ വിവാദം കത്തിക്കയറി.
ബി.ജെ.പി മികച്ചവരെ അണിനിരത്തിയെന്ന് ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടിയ മണ്ഡലങ്ങളിലൊന്ന് സി.പി.ഐ മത്സരിക്കുന്ന തിരുവനന്തപുരം ആയിരുന്നു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന മുദ്രാവാക്യവുമായി മുന്നണിയും സി.പി.എമ്മും വോട്ടർമാരെ സമീപിക്കുന്ന ഘട്ടത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയ ഇടം ( പൊളിറ്റിക്കൽ സ്പേസ്) കൊടുക്കുന്നത് പോലെയായിരുന്നു ഇ.പിയുടെ പ്രസ്താവന സ്വീകരിക്കപ്പെട്ടത്.
പ്രതിപക്ഷ നേതാവിന്‍റെ ഇടപെടല്‍
ഇ.പിയുടെ പ്രതികരണത്തിലെ പഴുതുകൾ കണ്ടെടുത്ത പ്രതിപക്ഷ നേതാവ് ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി – സി.പി.എം അന്തർധാരയുണ്ടെന്നും അതിൻെറ ഏറ്റവും ശക്തമായ തെളിവാണ് മുന്നണി കൺവീനറുടെ പ്രസ്താവനയെന്നുമായിരുന്നു കോൺഗ്രസ് ഉന്നയിച്ച പ്രധാന വിമർശനം. അത് ഏറെക്കുറെ യുക്തിഭദ്രമായതിനാൽ വൻതോതിൽ സ്വീകരിക്കപ്പെട്ടു.
ഇതോടെ പ്രതിരോധത്തിലായ സി.പി.എമ്മും എൽ.ഡി.എഫും വളരെ പാടുപെട്ടാണ് കൺവീനറുടെ പ്രസ്താവന ഉണ്ടാക്കിയ വിവാദത്തിൽ നിന്ന് കരകയറിയത്. തിരുവനന്തപുരത്ത് മത്സരിക്കുന്ന സി.പി.ഐക്കും കൺവീനറുടെ പ്രസ്താവനയിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. സി.പി.ഐ നേതൃത്വം അത് മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവരെ അറിയിക്കുകയും ചെയ്തു.
വെട്ടിലാക്കി വി ഡി സതീശന്‍
ഇ.പിയുടെ പ്രസ്താവന സംബന്ധിച്ച വിവാദം മൂർച്ഛിച്ചതോടെ ഇ.പിയും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻെറ സ്ഥാപനവുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധം പുറത്തിട്ട കോൺഗ്രസ് ഇടതുമുന്നണിയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച് വിവാദത്തിൽ നിന്ന് കരകയറായൻ ഇ.പി.ജയരാജൻ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലിച്ചില്ല.
മാധ്യമങ്ങളോട് സംസാരിച്ച രാജീവ് ചന്ദ്രശേഖർ ബിസിനസ് ബന്ധം സ്ഥിരീകരിച്ചതോടെ ഇ.പി ഉയർത്തിയ വാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇതോടെ മുന്നണി കൺവീനർ ആയിട്ടും സംസ്ഥാനം ആകെയുളള പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇ.പി ജയരാജനെ ഒഴിവാക്കാൻ പാര്‍ട്ടി നിര്‍ബന്ധിതമായി. ഫലത്തില്‍ പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ മുന്നണി കണ്‍വീണറെ നാടുകടത്തിയതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വിഡി സതീശന് അവകാശപ്പെട്ടതാണ്.
കാസർകോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉളളതുകൊണ്ടാണ് ഇ.പി.ജയരാജൻ കണ്ണൂർ വിട്ട് ഇതര ജില്ലകളിലേക്ക് പ്രചരണ പരിപാടികൾക്ക് പോകാത്തതെന്നാണ് സി.പി.എമ്മിൻെറ ഔദ്യോഗിക വിശദീകരണം. അത് ശരിയാണെങ്കിൽതന്നെ അതും മുന്നണി കൺവീനറുടെ പദവിയിലിരിക്കുന്ന നേതാവിന് അപമാനമാണ്.
കാരണം സംസ്ഥാനത്ത് ആകെയുളള മുന്നണിയുടെ പ്രചരണ പരിപാടികൾ ഏകോപിപ്പിക്കേണ്ട കൺവീനറെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മാത്രം തളച്ചിടുന്ന രീതി സി,പി.എം ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സമീപകാല വിവാദങ്ങളുടെ പേരിൽ തന്നെയാണ് ഇ.പി.ജയരാജനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.