രാഹുലിന് വയനാട് വിടേണ്ടിവരും, ദക്ഷിണേന്ത്യ ബിജെപി സൗഹൃദം, സീറ്റും വോട്ട് ഷെയറും കൂട്ടും: നരേന്ദ്ര മോദി
ദില്ലി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രചാരം വര്‍ധിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും മോദി പരിഹസിച്ചു.
ബിജെപി ഉന്നത കുലജാതരുടെ പാര്‍ട്ടിയല്ലെന്ന് മോദി ചോദ്യത്തിനുത്തരമായി പറഞ്ഞു. ഏറ്റവും കൂടുതല്‍ എസ്സി, എസ്ടി, ഒബിസി അംഗങ്ങളുള്ള പാര്‍ട്ടിയാണ് ബിജെപി. കേന്ദ്ര മന്ത്രിസഭയിലും ഒബിസി അംഗങ്ങളുടെ വലിയ പ്രാതിനിധ്യമുണ്ട്. ബിജെപി ഒരു നഗരകേന്ദ്രീകൃത പാര്‍ട്ടിയാണ് എന്നാണ് മറ്റൊരു പ്രചാരണം. ഗ്രാമീണരെ ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി. പരമ്പരാഗത പാര്‍ട്ടിയാണ് എന്നാണ് മറ്റൊരു പ്രചാരണം. എന്നാല്‍ ഇന്ന് ഡിജിറ്റല്‍ മുന്നേറ്റത്തെ മുന്നില്‍ നിന്ന് നയിക്കുന്ന സര്‍ക്കാരാണ് ബിജെപിയുടേത്. തെറ്റായ പ്രചാരണങ്ങളാണ് ബിജെപിക്കെതിരെ നടക്കുന്നതെന്നും മോദി പറഞ്ഞു.
Read more: ‘ഇഡി സ്വതന്ത്രം, പ്രവര്‍ത്തനം സുഗമം, കാര്യക്ഷമം’; വിമര്‍ശനങ്ങള്‍ തള്ളി പ്രധാനമന്ത്രി
തെലങ്കാനയില്‍ വോട്ട് ഷെയര്‍ ഇരട്ടിയായി. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുണ്ടായത് ബിജെപിയില്‍ നിന്നാണ്.
2024-ല്‍ 2019-നേക്കാള്‍ വോട്ട് ഷെയര്‍ ഉയരുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ പുതുച്ചേരി ഭരിക്കുന്നത് എന്‍ഡിഎയാണ്. ദക്ഷിണേന്ത്യക്കാരും ബംഗാളില്‍ നിന്നുള്ളവരും ഏറെയുള്ള ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ബിജെപി എംപി കഴിഞ്ഞവട്ടം വിജയിച്ചു. കുടുംബങ്ങള്‍ നയിക്കുന്ന സര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ്. കോണ്‍ഗ്രസിന്റെ കിരീടാവകാശി ഉത്തരേന്ത്യയില്‍ നിന്ന് പലായനം ചെയ്ത് വയനാട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 26-ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരും. ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ പിന്തുണയും സ്നേഹവും വിവിധ സന്ദര്‍ശനങ്ങളില്‍ നേരിട്ടറിഞ്ഞതും അത്ഭുതപ്പെടുത്തിയതുമാണ്. ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാമലയാണ് എന്ന കെട്ടുകഥ തകരുകയാണ്. അധികം വൈകാതെ തന്നെ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ബിജെപിക്ക് ഈ മേഖലയില്‍ ലഭിക്കും- എന്നും പ്രധാനമന്ത്രി പറഞ്ഞു.
Read more: മലയാളത്തില്‍ ആദ്യം, ഏറ്റവും ദൈര്‍ഘ്യമേറിയ അഭിമുഖം; നരേന്ദ്ര മോദി ഏഷ്യാനെറ്റ് ന്യൂസില്‍