ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് പരാജയം വഴങ്ങിയിരുന്നു. ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ലഖ്നൗ വിജയം സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത് ലഖ്നൗ മറികടക്കുകയായിരുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വഹിച്ചത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 53 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒന്‍പത് ബൗണ്ടറിയുമടക്കം 82 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്കിനൊപ്പം (54) മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി വിജയത്തിലെത്തിച്ച രാഹുലിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും. മറുവശത്ത് ചെന്നൈ നായകന് തിളങ്ങാനായിരുന്നില്ല. വണ്‍ ഡൗണായി ഇറങ്ങിയ ഗെയ്ക്വാദ് 13 പന്തില്‍ 17 റണ്‍സെടുത്ത് മടങ്ങി.
മത്സരത്തിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്‍മാര്‍ക്ക് വലിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനുമെതിരെ ബിസിസിഐ പിഴശിക്ഷ വിധിച്ചത്. 12 ലക്ഷം രൂപ വീതമാണ് ഇരുവര്‍ക്കും പിഴ ചുമത്തിയത്. സീസണിലെ ആദ്യ പിഴവായതിനാലാണ് പിഴ 12 ലക്ഷമായി പരിമിതപ്പെടുത്തിയത്. ഇതാദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇരുടീമിന്റെ ക്യാപ്റ്റന്‍മാരും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *