ബിജെപി ക്രൈസ്തവര്‍ക്കൊപ്പം, പള്ളിത്തര്‍ക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടു: നരേന്ദ്ര മോദി

ദില്ലി: ബിജെപി ക്രൈസ്തവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, പള്ളിത്തര്‍ക്കത്തില്‍ ഇടപെടണമെന്ന് ബിഷപ്പുമാര്‍ തന്നോട് ആവശ്യപ്പെട്ടതായും മോദി വ്യക്തമാക്കി.

എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപിയെന്ന് മോദി അഭിമുഖത്തില്‍ പറഞ്ഞു. ഗോവയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയോടെ ബിജെപി കാലങ്ങളായി ഭരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണ്. അവിടങ്ങളില്‍ വലിയ തോതിലുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണയുണ്ട്. അവിടങ്ങളില്‍ പിന്തുണ നല്‍കാത്ത ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരെ കുറ്റപ്പെടുത്തുന്നില്ല, പകരം അവരെ കൂടി ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മോദി പറഞ്ഞു.

ക്രിസ്ത്യന്‍ നേതാക്കളും ബിഷപ്പുമാരും വര്‍ഷത്തില്‍ അഞ്ചോ ആറോ വട്ടം തന്നെ സന്ദര്‍ശിക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ ഇടപെടണം എന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സഭകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഞങ്ങള്‍ ആശങ്കയിലാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കള്ള പ്രചാരണങ്ങളില്‍ നിരാശരാണ് കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍. ഇരുകൂട്ടരും ക്രൈസ്തവരെ തമ്മിലടിപ്പിക്കുകയാണ്.

Read more: മലയാളത്തില്‍ ആദ്യം, ഏറ്റവും ദൈര്‍ഘ്യമേറിയ അഭിമുഖം; നരേന്ദ്ര മോദി ഏഷ്യാനെറ്റ് ന്യൂസില്‍, വീഡിയോ കാണാം

ഇപ്പോള്‍ കേരളത്തില്‍ ബൂത്തുകള്‍ മുതല്‍ ദേശീയ തലത്തില്‍ വരെ ക്രിസ്ത്യന്‍ നേതാക്കള്‍ ബിജെപിക്കുണ്ട്. ഞാന്‍ ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. മാര്‍പ്പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ഒരു മലയാള മാധ്യമത്തിന് അഭിമുഖം അനുവദിച്ചത്. മോദി നല്‍കിയ ഏറ്റവും ദൈര്‍ഘ്യമേറിയ അഭിമുഖവും ഇതാണ്. ഏഷ്യാനെക്‌സ്റ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരാണ് മോദിയുമായി അഭിമുഖം നടത്തിയത്.  

Read more: രാഹുലിന് വയനാട് വിടേണ്ടിവരും, ദക്ഷിണേന്ത്യ ബിജെപി സൗഹൃദം, സീറ്റും വോട്ട് ഷെയറും കൂട്ടും: നരേന്ദ്ര മോദി

By admin