കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രചാരണം ഏല്‍ക്കില്ലെന്നു കണ്ടപ്പോഴാണ് കെ.കെ. ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണവുമായി യു.ഡി.എഫ്. വന്നതെന്ന് കണ്ണൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി. ജയരാജന്‍.
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ കോഓഡിനേറ്ററാണ് ശൈലജയ്ക്കെതിരായ അശ്ലീല പ്രചാരണത്തിനു പിന്നില്‍. കഴിഞ്ഞ 5 വര്‍ഷം സുധാകരന്‍ കണ്ണൂരിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുകയാണ് ചെയ്തത്. 2004ലെ ജനവിധി ഇത്തവണ കേരളമാകെയുണ്ടാകും.
കെ. സുധാകരന്‍ ബി.ജെ.പിയിലേക്കുള്ള യാത്രയിലാണെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതായും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങള്‍ മതനിരപേക്ഷ മനസുകളില്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്റ്റേഡിയത്തില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പച്ച പതാകയുമായി വന്ന പ്രവര്‍ത്തകനെ കോണ്‍ഗ്രസ് വേദിയില്‍നിന്നും പുറത്താക്കിയത് മുസ്‌ലിം ലീഗില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ലീഗിന്റെ പതാക കണ്ടതും കോണ്‍ഗ്രസുകാര്‍ രോഷാകുലരായി. 
കെ. സുധാകരന്‍ ലീഗിനെതിരെ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. മാറ്റം വേണമെന്നാണ് കണ്ണൂരിലെ ജനം ആഗ്രഹിക്കുന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനം പ്രചാരണ വിഷയമാക്കുന്നത് യു.ഡി.എഫ്. തന്നെ ഉപേക്ഷിച്ചു. വ്യക്തി വിരോധം, സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക എന്നിവയാണ് പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടാകാന്‍ കാരണം. അതിനെ രാഷ്ട്രീയമാക്കുന്നത് ഹീനമാണെന്നും ജയരാജന്‍ പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *