ഇറ്റാനഗർ: ഇറ്റാനഗറിലെ പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയ വനിതാ വോട്ടർമാർക്ക് സാനിറ്ററി പാഡുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആർത്തവ ശുചീകരണ ബോധവത്കരണം നൽകുകയും ഒപ്പം തെരഞ്ഞെടുപ്പിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകൾ നൽകിയത്. പ്രദേശത്തെ സ്ത്രീകൾപരമ്പരാഗതമായി തുണി ആണ് ആർത്തവദിനങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് പല രോഗങ്ങൾക്ക് കാരണമാവുന്നു.
ബൂത്തുകളിലെ 1400 ഓളം വനിതകൾക്കായാണ് നാപ്കിനുകൾ കരുതിയിരുന്നത്. ഇതിൽ 600ഓളം പേർ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത എല്ലാ വനിതകൾക്കും നാപ്കിനുകൾ നൽകി. ചില അമ്മമാർ അവരുടെ മക്കൾക്ക് വേണ്ടിയും നാപ്കിൻ വാങ്ങി. ഇതിലൂടെ സ്ത്രീകൾക്ക് ആർത്തവ ശുചിത്വത്തെ കുറിച്ചുള്ള ബോധവത്കരണവും നൽകാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
‘സഖി ബൂത്തുകൾ’ എന്നായിരുന്നു ഈ ബൂത്തുകളെ വിശേഷിപ്പിച്ചിരുന്നത്. വനിതാ വോട്ടർമാരാണ് രണ്ട് ബൂത്തുകളിലും കൂടുതലുള്ളത്. ഇന്നലെ പ്രദേശത്ത് ശക്തമായി മഴ പെയ്‌തെങ്കിലും ഇതിനെയെല്ലാം അവഗണിച്ച് വനിതാ വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തിയത് ശ്രദ്ധേയമായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങളിലും വിദൂര ഗ്രാമങ്ങളിലും ആർത്തവസമയത്ത് സ്ത്രീകൾ ഇപ്പോഴും തുണിയാണ് ഉപയോഗിക്കുന്നത്. സാനിറ്ററി പാഡുകൾ സമ്മാനമായി നൽകുന്നത് ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുള്ള മാർഗ്ഗം കൂടിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *