കോഴിക്കോട്: താമരശേരിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമണങ്ങള്‍ക്കിടെ ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടയാളുടെ വീട് അജ്ഞാതര്‍ തകര്‍ത്തു.ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. കഴിഞ്ഞ ദിവസം കുടുക്കിലുമ്മാരത്ത് ഒരു വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും രണ്ട് വീടുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടത്തില്‍ ഫിറോസിന്റെ വീടിന് നേരെയാണ്  ആക്രമണമുണ്ടായത്. 
ജനല്‍ ചില്ലുകളും വാതിലുകളും വീട്ടുപകരണങ്ങളും തകര്‍ത്ത നിലയിലാണ്. ആക്രമണ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച അമ്പലമുക്ക് ലഹരി മാഫിയാ ആക്രമിസംഘത്തിലെ മുഖ്യപ്രതിയായ അയ്യൂബിന്റെ സഹോദരന്റെ മകളുടെ വിവാഹമായിരുന്നു. ഇവിടെവച്ച് അക്രമി സംഘവും ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി.
ഇതിന്റെ പ്രതികാരമെന്നോണം രാത്രിയില്‍ കുടുക്കിലുമ്മാരത്തെ വ്യാപാരിയായ നവാസിനെ അയ്യൂബിന്റെ സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയും കുടുക്കിലുമ്മാരം സ്വദേശികളായ മാജിദ്, ജലീല്‍ എന്നിവരുടെ വീടിനു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
അയ്യൂബ്, ഫിറോസ്, ഫസല്‍ എന്ന കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാവിളയാട്ടം. ഈ സംഭവത്തിലെ പ്രതിയായ ഫിറോസിന്റെ വീടാണ് ഇന്നലെ രാത്രി ഒരു സംഘം അടിച്ചു തകര്‍ത്തത്. കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം നടന്നത്. ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ബൈക്കും ഒരു ബൊലേറോ ജീപ്പും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവ റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *