കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറന്നതോടെ പോള നിറഞ്ഞു കൊടൂരാര്‍, ബോട്ട് സര്‍വീസുകള്‍ ഭാഗിമാക്കി ചുരുക്കിയതോടെ ആറിന്റെ കരകളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിതം സ്തംഭിച്ചു. ആറുകളില്‍ പോള നിറഞ്ഞതോടെ നെല്ല് സംഭരണവും നിലച്ച അവസ്ഥയാണ്.
പോള നിഞ്ഞതോടെ വള്ളം പാടശേഖരത്തിനു സമീപത്തേക്കു എത്തിക്കാന്‍ പോലും സാധിക്കുന്നില്ല. ബോട്ടുകളുടെ പ്രൊപ്പല്ലര്‍ പോളയില്‍ കുരുങ്ങി തകരാറിലാകുന്നതു വള്ളം കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനും തടസമാണ്. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണു കര്‍ഷകര്‍.
ആറായിരം, തിരുവായ്ക്കരി, തൊള്ളായിരം പാടശേഖരങ്ങളിലെ കര്‍ഷകരാണു ബുദ്ധിമുട്ടുന്നത്. നിലവില്‍ തിരുവായ്ക്കരി പാടശേഖരങ്ങളിലെ അഞ്ചോളം കര്‍ഷകരുടെ നെല്ലാണ് ഇനിയും സംഭവരിക്കാനുള്ളത്. മുന്‍ വര്‍ഷങ്ങളിലും സമാന അവസ്ഥയാണു കര്‍ഷകര്‍ക്ക് ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം കൊയ്ത്തു കഴിഞ്ഞു ഒന്നരമാസത്തോളം നെല്ല് സംഭരിക്കാനായിരുന്നില്ല. അന്നും കൊടൂരാറ്റില്‍ നിറഞ്ഞ പോളയായിരുന്നു വില്ലനായത്. പോള വാരാന്‍ ലക്ഷങ്ങള്‍ മുടക്കി ജില്ലാ പഞ്ചായത്തു വാങ്ങിയ യന്ത്രം ചുരിങ്ങിയ ദിവസങ്ങള്‍ കൊണ്ടു പ്രവര്‍ത്തന രഹിതമായിരുന്നു. ഇതോടെ യന്ത്രം ഉപേക്ഷിച്ചമട്ടില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ആറുകളില്‍ നിന്നും പോള മാറാന്‍ കഴക്കന്‍ പ്രദേശത്ത് പെയ്യുന്ന ശക്തമായ വെള്ളം ഒഴുകിയെത്തണം. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ശക്തിയില്‍ ആറുകളിലെ പോള വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തും. അതുവരെ പോളകൊണ്ടുള്ള ദുരിതം പടിഞ്ഞാറന്‍ പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed