തകര്‍ത്തടിക്കുന്ന ധോണി എന്തുകൊണ്ട് നേരത്തെ ഇറങ്ങുന്നില്ല, മറുപടി നല്‍കി ചെന്നൈ പരിശീലകന്‍
ലഖ്നൗ:ഐപിഎല്ലില്‍ ഫിനിഷറെന്ന നിലയില്‍ എം എസ് ധോണി തകര്‍പ്പൻ ഫോമിലാണ്. ഈ സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്ത ധോണി ഇതുവരെ ഔട്ടായിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് 255.88 എന്ന മാരക പ്രഹരശേഷിയില്‍ അടിച്ചെടുത്തതാകട്ടെ 87 റണ്‍സ്. പുറത്താകാതെ നേടിയ 37 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. കരിയറില്‍ ഒരിക്കല്‍ പോലും ഇത്രയും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില് ധോണി ബാറ്റ് ചെയ്തിട്ടില്ല.
മുംബൈ ഇന്ത്യന്‍സിനെതിരെ നാലു പന്തില്‍ 20 റണ്‍സെടുത്ത ധോണിയുടെ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന് ജയം സമ്മാനിച്ചത്. മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈ ജയിച്ചത്. ഇത്രയൊക്കെ തകര്‍ത്തടിച്ചിട്ടും ധോണി എന്തുകൊണ്ട് നേരത്തെ ബാറ്റിംഗിന് ഇറങ്ങുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം. ബാറ്റിംഗ് ഓര്‍ഡറില്‍ ആറു മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങളിലാണ് ധോണി ഭൂരിഭാഗം മത്സരങ്ങളിലും കളിച്ചത്. തകര്‍പ്പന്‍ ഫോമിലുള്ള ധോണിയെ എന്തുകൊണ്ട് നേരത്തെ ഇറക്കുന്നില്ല എന്ന ചോദ്യത്തിന് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗാണ് മറുപടി നല്‍കിയത്.
ഈ സീസണില്‍ ധോണിയുടെ ബാറ്റിംഗ് ആവേശകരമാണെന്നും എന്നാല്‍ കാല്‍ മുട്ടിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ധോണിക്ക് അധികം പന്തുകള്‍ ഇപ്പോള്‍ കളിക്കാനാവില്ലെന്നും ഫ്ലെമിംഗ് പറഞ്ഞു. അദ്ദേഹം പരിക്കില്‍ നിന്ന് മോചിതനാകുന്നതേയുള്ളൂവെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. നെറ്റ്സില്‍ പരിശീലനത്തിനിറങ്ങുമ്പോള്‍ പോലും ധോണി അധികം പന്തുകള്‍ ബാറ്റ് ചെയ്യാറില്ല. ആരാധകര്‍ ദീര്‍ഘനേരം ധോണിയെ ക്രീസില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞങ്ങളും അതാഗ്രഹിക്കുന്നുണ്ട്. പക്ഷെ ഐപിഎല്ലില്‍ മുഴുവന്‍ അദ്ദേഹം ഞങ്ങളോടൊപ്പം വേണമെന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ നേരം ബാറ്റ് ചെയ്യിപ്പിക്കാനാവില്ലെന്നും ഫ്ലെമിംഗ് ലഖ്നൗവിനെതിരായ മത്സരശേഷം പറഞ്ഞു.
101M SIX OF MS DHONI. 🥶🔥 pic.twitter.com/OzJqiStHjC
— Mufaddal Vohra (@mufaddal_vohra) April 19, 2024
അവസാന രണ്ടോ മൂന്നോ ഓവറുകളാണ് ധോണി ഇപ്പോള്‍ ബാറ്റിംഗിന് ഇറങ്ങന്നത്. ടോപ് ഓര്‍ഡര്‍ ഞങ്ങളെ മികച്ച നിലയിലെത്തിച്ചാല്‍ ധോണിക്ക് പ്രതീക്ഷിക്ക് അപ്പുറം സ്കോര്‍ ഉയര്‍ത്താന്‍ കഴിയുന്നുണ്ട്. അത് വലിയ കാര്യമാണ്. അദ്ദേഹം ബാറ്റിംഗിനിറങ്ങുമ്പോള്‍ ലഭിക്കുന്ന പിന്തുണ ഞങ്ങളെയും ആവേശത്തിലാഴ്ത്തുന്നുണ്ട്. അത് ഞങ്ങള്‍ക്ക് അഭിമാനമാണ്. കാരണം ചെന്നൈയുടെ ഹൃദയമിടിപ്പാണ് ധോണിയെന്നും ഫ്ലെമിംഗ് പറഞ്ഞു.