ഡല്‍ഹി കാപിറ്റല്‍സിന്റെ തോല്‍വി ഗുണം ചെയ്തത് മുംബൈ ഇന്ത്യന്‍സിന്! പോയിന്റ് പട്ടികയില്‍ ഹൈദാരാബിന്റെ കുതിപ്പ്
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെയ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാത്തേക്ക് കുതിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റാണ് പാറ്റ് കമ്മിന്‍സിനും ടീമിലുമുള്ളത്. അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം പരാജയപ്പെട്ടു. ഡല്‍ഹിക്കെതിരെ 67 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 19.1 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി.
തോല്‍വിയോടെ ഡല്‍ഹി ഏഴാം സ്ഥാനത്തേക്ക് വീണു. പകരം മുംബൈ ആറാം സ്ഥാനത്തേക്ക് കയറി. 67 റണ്‍സിന്റെ തോല്‍വി ഡല്‍ഹിയെ കാര്യമായി ബാധിച്ചു. നെറ്റ് റണ്‍റേറ്റില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ഇതുതന്നെയാണ് മുംബൈക്ക് നേട്ടമായതും. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഡല്‍ഹിക്ക്. അഞ്ചെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്ന് ജയം സ്വന്തമാക്കി. മുംബൈക്ക് ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും നാല് തോല്‍വിയും. ഏഴില്‍ ആറും ജയിച്ച് 12 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് തുടരുന്നു.
അവസാന മത്സരത്തില്‍ രാജസ്ഥാനോട് തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഹൈദരാബാദിന് പിന്നില്‍ മൂന്നാമതായി. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെയാണ് നാലാമത്. ഏഴ് മത്സരങ്ങളില്‍ നാല് ജയവും മൂന്ന് തോല്‍വിയുമുള്ള ചെന്നൈക്ക് എട്ട് പോയിന്റാണുള്ളത്. ലഖ്‌നൗ അഞ്ചാമതാണ്. ചെന്നൈയുടെ അതേ അവസ്ഥയാണ് ലഖ്‌നൗവിനെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.
കഴിഞ്ഞ ദിവസം മുംബൈയുടെ വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് എട്ടാം സ്ഥാനത്തേക്ക് വീണു. ഗുജറാത്തിന് ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുണ്ട്. അവര്‍ക്ക് പിന്നില്‍ പഞ്ചാബും ആര്‍സിബിയും. പഞ്ചാബ് ഏഴില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആര്‍സിബിക്ക് ഒരെണ്ണം മാത്രമാണ് ജയിക്കാനായത്.