കോലിക്കും ഭീഷണിയായി ട്രാവിസ് ഹെഡ്! സഞ്ജു വീണ്ടും താഴോട്ട്; റണ്‍വേട്ടക്കാരുടെ പട്ടികയില്‍ വലിയ മാറ്റം
ദില്ലി: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 32 പന്തില്‍ 89 റണ്‍സ് നേടിയതോടെയാണ് ഹെഡ് രണ്ടാമതെത്തിയത്. ഇന്ന് ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഐപിഎല്ലില്‍ ആറ് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്‌ട്രൈക്ക് റേറ്റും ഓസ്‌ട്രേലിയന്‍ താരത്തിനുണ്ട്.
ഏഴ് മത്സരങ്ങളില്‍ നിന്ന് 361 റണ്‍സ് നേടിയിട്ടുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഓപ്പണര്‍ വിരാട് കോലിയാണ് ഒന്നാമത്. 72.20 ശരാശരിയുണ്ട് കോലിക്ക്. 147.35 സ്‌ട്രൈക്ക് റേറ്റും. ഹെഡിന്റെ വരവോടെ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്‌ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഇത്രയും മത്സരങ്ങളില്‍ 297 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ നാലാമത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 53 പന്തില്‍ 82 റണ്‍സുമായി ലഖ്‌നൗവിന്റെ ടോപ് സ്‌കോററായ കെ എല്‍ രാഹുല്‍ 286 റണ്‍സുമായി അഞ്ചാമതായി. 143.00 സ്‌ട്രൈക്ക് റേറ്റാണ് രാഹുലിന്.
ആറ് മത്സരങ്ങളില്‍ നിന്ന് 276 റണ്‍സടിച്ച കൊല്‍ക്കത്തയുടെ സുനില്‍ നരെയന്‍ റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തായി. ഏഴ് കളികളില്‍ 276 റണ്‍സടിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ഇത്രയും കളികളില്‍ 268 റണ്‍സ് നേടിയ ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ എട്ടാമതാണ്. ഇന്ന് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 15 റണ്‍സെടുത്ത് താരം പുറത്തായിരുന്നു.
263 റണ്‍സടിച്ചിട്ടുള്ള ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഒമ്പതാം സ്ഥാനത്തായി. ഡല്‍ഹിക്കെതിരെ 12 പന്തില്‍ 46 റണ്‍സ് അടിച്ചെടുത്ത ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ ആദ്യ പത്തിലെത്തി. ഏഴ് മത്സരങ്ങളില്‍ 257 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. അഭിഷേകിന്റെ വരവോടെ രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ (250) ആദ്യ പത്തില്‍ നിന്ന് പുറത്തായി.