കോട്ടയം: കൊട്ടിഘോഷിച്ച്  വോട്ട് ചോദിക്കാന്‍ അവശേഷിക്കുന്നത് അഞ്ചേ അഞ്ചു ദിവസങ്ങള്‍, ആവനാഴിയിലെ സര്‍വ ആയുധങ്ങളും ഇതോടകം മുന്നണികള്‍ പയറ്റിക്കഴിഞ്ഞു. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് വ്യക്തമാണെങ്കിലും അവസാന ഓളത്തില്‍ വോട്ട് മറിക്കാന്‍ കഴിയുമോയെന്നാണ് മുന്നണികളുടെ ശ്രമം.

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സമയം ലഭിച്ച സംസ്ഥാനത്തെ ഏക മണ്ഡലമാണ് കോട്ടയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ 5 മാസത്തിലേറെയായി തെരഞ്ഞെടുപ്പ് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജും ഒന്നര മാസത്തിലേറെയായി പ്രചാരണ രംഗത്തുണ്ട്.

തോമസ് ചാഴികാടന്റെ രണ്ടാംഘട്ട മണ്ഡല പര്യടനവും ഇന്നലെ പൂര്‍ത്തിയായി. ഇനിയുള്ള ദിവസങ്ങളില്‍ ഒന്നും രണ്ടും മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള റോഡ് ഷോയാണ് ഇടതുമുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനൊപ്പം താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും മുന്നണി സജീവമാക്കിയിരിക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് റോഡ് ഷോയുമായി കളം ഉഷാറാക്കുകയാണ്. പതിവിന് വിപരീതമായി മണ്ഡല പര്യടനം നാമമാത്രമായി മാത്രമാണ് നടക്കുന്നതെന്നത് മുന്നണിയിലെ ചില പ്രതിസന്ധികളുടെ ഭാഗമാണെന്ന് സംശയിക്കുന്നു. ചാഴികാടന്റ്റെ പര്യടനം ഒരു നിയോജകമണ്ഡലത്തില്‍ മാത്രം 70 പോയിന്‍റുകളിലൂടെയാണ് കടന്നുപോയതെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പര്യടനം നാമമാത്ര കേന്ദ്രങ്ങളില്‍ മാത്രമാണ്.

രാഹുല്‍ ഗാന്ധിയുടെ വരവ് ഇരട്ടി ഊര്‍ജം പകരുന്നതായി നേതൃത്വം പറയുമ്പോഴും പൊതു സമ്മേളനത്തിലെ പ്രസംഗത്തിനിടെ രാഹുൽ ഒരു തവണ പോലും സ്ഥാനാർഥിയുടെ പേര് പറയാതിരുന്നത് മുന്നണിയെ വെട്ടിലാക്കുന്നുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ കഴിഞ്ഞ 11 വര്‍ഷത്തെ 4 മുന്നണി മാറ്റങ്ങളും 4 പാര്‍ട്ടി മാറ്റങ്ങളും മനസിലാക്കിയ രാഹുല്‍ ഗാന്ധി പതിവിന് വിപരീതമായി കോട്ടയത്തെ സ്ഥാനാര്‍ഥിയെ അവഗണിച്ചതിന്‍റെ സന്ദേശം വ്യക്തമാണ്.

ഇതോടെ അവസാന നിമിഷം വീണു കിട്ടിയ  അവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാലുമാറ്റ ചരിത്രം അറിയാവുന്നതിനാലാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റം കൊണ്ട് പൊറുതിമുട്ടിയ രാഹുല്‍ സ്ഥാനാര്‍ഥിയെ പരിഗണിക്കാതെ മടങ്ങിയതെന്ന ആരോപണമാണ് ജോസ് കെ മാണിയും കൂട്ടരും ഉന്നയിക്കുന്നത്.
വികസനത്തില്‍ ഒന്നാമനെന്ന പ്രചാരണത്തിലൂടെ ചാഴികാടന് ഓരോ ദിവസവും വര്‍ധിച്ചുവരുന്ന സ്വീകാര്യത വോട്ടായി മാറുമെന്നും നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു.
വൈകിയാണു വന്നതെങ്കിലും സവിശേഷമായ പ്രചാരണത്തിലൂടെ കളം കീഴടക്കാന്‍ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു കഴിഞ്ഞു എന്നാണ് എന്‍ഡിഎ വിലയിരുത്തൽ. അനൗണ്‍സ്‌മെന്റ്, വാഹന പ്രചാരണം, പോസ്റ്ററുകള്‍ എന്നിവയിലെല്ലാം പുതുമ സൃഷ്ടിച്ചാണു തുഷാറിന്റെ മുന്നേറ്റം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വരവോടെ അണികളുടെ ആവേശം വര്‍ധിച്ചുവെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *