മംഗളുരു: ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബെത്തഗേരി മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനന്ദ ബകലെയുടെ മകന്‍ കാര്‍തിക് ബകലെ (27), കൊപ്പല്‍ സ്വദേശികളായ പരശുരാമന്‍ (55), ഭാര്യ ലക്ഷ്മി (45), മകള്‍ ആകാംക്ഷ (16) എന്നിവരാണ് മരിച്ചത്. 
കര്‍ണാടകയിലെ ഗദഗ് നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. എന്നാല്‍, കൊലപാതകത്തിന് പിന്നിലെ കാരണങ്ങളോ, പ്രതികളെക്കുറിച്ചുള്ള സൂചനകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാര്‍ത്തികിന്റെ വിവാഹ നിശ്ചയ ചടങ്ങിനായി കൊപ്പലില്‍ നിന്ന് ഗദഗ് നഗരത്തില്‍ എത്തിയതായിരുന്നു പരശുരാമനും കുടുംബവും. പരശുരാമന്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനവും വ്യാഴാഴ്ച രാത്രി ആഘോഷിച്ച് ബന്ധുവീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ എല്ലാവരും  ഉറങ്ങാന്‍ കിടന്നതായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പുലര്‍ച്ചെയോടെ പരശുരാമനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയുടെ ജനല്‍ ചില്ലു തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ മൂന്നുപേരെയും ആയുധങ്ങള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന സൂചന. താഴത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന കാര്‍ത്തിക് ബകലെ ശബ്ദം കേട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ എത്തിയപ്പോള്‍ യുവാവിനെയും അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് വീട്ടുടമ പ്രകാശ് ബകലെയും ഭാര്യയും മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ സുനന്ദ ബകലെയും ഉറങ്ങിക്കിടന്ന മുറിയുടെ വാതിലില്‍ അക്രമികള്‍ മുട്ടി. എന്നാല്‍, വാതില്‍ തുറക്കാതെ ദമ്പതികള്‍ ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. ഇതിനിടെ അക്രമികള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *