‘എറണാകുളം മാര്‍ക്കറ്റ് നിര്‍മ്മാണം അതിവേഗതയില്‍’; സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മേയര്‍

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ എറണാകുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണം അതിവേഗതയില്‍ പുരോഗമിക്കുകയാണെന്ന് മേയര്‍ അനില്‍കുമാര്‍. സമയബന്ധിതമായി മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ തന്നെ സംസ്‌കരിക്കാന്‍ ഒരു ഓര്‍ഗാനിക് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മേയര്‍ അറിയിച്ചു. കൊച്ചി നഗരത്തിലെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സ്ഥാപിക്കുന്നതും ഈ മാര്‍ക്കറ്റിലാണ്. 120 കാറുകള്‍ക്കും 100 ബൈക്കുകള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ക്കിംഗ് സ്ഥലമാണ് ഒരുക്കുന്നതെന്നും മേയര്‍ പറഞ്ഞു. 

മേയറുടെ കുറിപ്പ്: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ എറണാകുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണം അതിവേഗതയില്‍ പുരോഗമിക്കുകയാണ്. സമയബന്ധിതമായി മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. എറണാകുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്. പൂര്‍ണമായും കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലാണ് മാര്‍ക്കറ്റ്. തിരക്കേറിയ തെരുവുകള്‍ക്കിടയിലൂടെയാണ് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടു പോകുന്നത്. ചുറ്റും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തൊട്ടുരുമ്മി നില്‍ക്കുന്ന നിര്‍മ്മാണ സ്ഥലത്ത് യാതൊരു പ്രതിബന്ധവും ഇല്ലാതെ മാര്‍ക്കറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.

കൊച്ചി നഗരത്തിലെ ഏറ്റവും യോജിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം നമുക്ക് കൈവരിക്കാന്‍ സാധിച്ചത്. വ്യാപാര സംഘടനകള്‍, ചുമട്ടുതൊഴിലാളികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ നിര്‍ലോഭമായ സഹകരണം മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് കൊച്ചി നഗരസഭയ്ക്കും സി എസ് എം എല്ലിനും ലഭിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഈ പദ്ധതി ഏകോപിതമായി കൊണ്ടുപോകാനുള്ള റിവ്യൂ മീറ്റിംഗ് നടത്താറുണ്ട്. അതിന്റെ കൂടി ഫലമാണ് എറണാകുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാന്‍ ഒരു ഓര്‍ഗാനിക് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്റ്  സ്ഥാപിക്കും. മണപ്പാട്ടി പറമ്പിലാണ് ഇത്തരമൊരു പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന ഓര്‍ഗാനിക് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്റില്‍  നിന്നുള്ള വളമാണ് ഇപ്പോള്‍ സുഭാഷ് പാര്‍ക്കില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്. ഐസിഎല്‍ ഇ യുടെ സഹകരണത്തോടെയാണ് മണപ്പാട്ടി പറമ്പില്‍ ഇത് സ്ഥാപിച്ചത്. അതേ മാതൃകയില്‍ അതേ വലിപ്പത്തിലുള്ള ഓര്‍ഗാനിക് വേസ്റ്റ് കംപോസ്റ്റര്‍ പ്ലാന്റ് ആണ് മാര്‍ക്കറ്റിലും സ്ഥാപിക്കുന്നത്. ഇതോടെ മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന ഭക്ഷണ അവശിഷ്ടം എന്തു ചെയ്യും എന്ന കാര്യത്തില്‍ നമുക്ക് ആശങ്ക വേണ്ട. വളം നഗരസഭയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. 

കൊച്ചി നഗരത്തിലെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സ്ഥാപിക്കുന്നതും എറണാകുളം മാര്‍ക്കറ്റിലാണ്. 120 കാറുകള്‍ക്കും 100 ബൈക്കുകള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന 24.65 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് സമുച്ചയ നിര്‍മ്മാണത്തിന്റെ എല്ലാ നടപടിക്രമങ്ങളും നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നും, പാര്‍ക്കിംഗ് സമുച്ചയത്തില്‍ നിന്നും നഗരസഭയ്ക്ക് അധികമായി വരുമാനം ലഭിക്കും. 

24 മണിക്കൂറും മാര്‍ക്കറ്റ് ശുചിയായി സൂക്ഷിക്കണം എന്നാണ് തീരുമാനം. 24 മണിക്കൂറും ശുചീകരണത്തിന് സംവിധാനങ്ങള്‍ ഉണ്ടാകും. അതിനാണ് മാലിന്യ സംസ്‌കരണത്തിനും സ്വന്തമായി ഒരു സംവിധാനം നിര്‍മ്മിച്ചിട്ടുള്ളത്. മാര്‍ക്കറ്റ് മൊത്ത വ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും മാത്രമല്ല കൊച്ചി നഗരം കാണാന്‍ വരുന്നവര്‍ക്കും കേരളത്തിലെ ഏറ്റവും നല്ല അത്യാധുനികമായ ഒരു മാര്‍ക്കറ്റ് കാണാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. എറണാകുളം മാര്‍ക്കറ്റ് നമ്മുടെ അഭിമാനമായി മാറും. എല്ലാ പ്രോജക്ടുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തുടര്‍ച്ചയായ ഫോളോ അപ്പാണ് ഈ കൗണ്‍സില്‍ നടത്തിയിട്ടുള്ളത്. വൈകാതെ എല്ലാവരെയും എറണാകുളം മാര്‍ക്കറ്റിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിയും എന്ന ഉറപ്പോടെ.

‘അന്ന് തല്ലിച്ചതച്ചപ്പോൾ അചഞ്ചലനായി നിന്ന പിണറായിയെയാണ് ജയിൽ കാട്ടി പേടിപ്പിക്കുന്നത്’; രാഹുലിനെതിരെ പി ജയരാജൻ 

 

By admin