ദില്ലി: ടെസ്‌ല സ്ഥാപകൻ ഇലോണ്‍ മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് രംഗത്ത്. ഇന്ത്യയിലെ മാറ്റത്തിന്‍റെ സൂചന കണ്ടാണ് മസ്ക്, മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചതെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഇത് ഇന്ത്യയിലെ മാറ്റത്തിന്‍റെ സൂചനയാണെന്നും കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. ഇലോണ്‍ മസ്ക് വൈകാതെ ഇന്ത്യയിലെത്തുമെന്നും ഇന്ത്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ജയ്റാം രമേശ് പറഞ്ഞു.
അതേസമയം ഇന്നാണ് ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി ഇലോൺ മസ്കിന്‍റെ അറിയിപ്പ് വന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോൺ മസ്ക് ചില തിരക്കുകൾ കാരണം സന്ദർശനം മാറ്റുന്നതായാണ് അറിയിച്ചത്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനം നിശ്ചിയിച്ചിരുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ മസ്കിന്റെ ഇന്ത്യാ സന്ദർശനം വാർത്തയായി.
ടെസ് ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം സന്ദർശനം മാറ്റുന്നു എന്നാണ് മസ്ക്ക് വ്യക്തമാക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മസ്ക്ക് ഏക്സിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഇലോണ്‍ മസ്കിന്‍റെ സന്ദർശനം പ്രചാരണ വിഷയമാക്കാൻ ബിജെപി ഒരുങ്ങുന്നതിനിടെയുള്ള അപ്രതീക്ഷിത പിൻമാറ്റം കോണ്‍ഗ്രസ് ആയുധമാക്കുകയാണ്