ഡബ്ലിന്‍ : അയര്‍ലണ്ടില്‍ എത്തുന്ന എല്ലാ അഭയാര്‍ത്ഥികള്‍ക്കും എച്ച്.എസ്.ഇ. യുടെ വകയായി സൗജന്യ സമ്പൂര്‍ണ്ണ ചികില്‍സാ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.ഡെയ്ലില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആരോഗ്യ വകുപ്പും എച്ച്എസ്ഇയും സംയുക്തമായാകും ഈ ‘ലോക അഭയാര്‍ഥി സേവ’ നടപ്പാക്കുക. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ചികില്‍സയടക്കമുള്ള എല്ലാ ആവശ്യങ്ങളും സൗജന്യമായി നല്‍കാനാണ് ഈ സര്‍ക്കാര്‍ പരിപാടി ലക്ഷ്യമിടുന്നത്.ഇതിനായി റഫ്യൂജി ആന്റ് മൈഗ്രന്റ് ഹെല്‍ത്ത് മോഡല്‍ ആകും അയര്‍ലണ്ട് ലോകത്തിന് സംഭാവന ചെയ്യുകയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായാകും മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കുക.
ഇതിനായി ഈ വര്‍ഷം സര്‍ക്കാര്‍ 50 മില്യണ്‍ യൂറോയാണ് ചെലവിടുക.അയര്‍ലണ്ടില്‍ അഭയം തേടുന്ന ഉക്രൈന്‍കാരുടെ പേരിലാണ് ഗള്‍ഫ് ആഫ്രിക്കന്‍ പ്രവിശ്യകളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ സൗകര്യം ഒരുക്കുന്നത്.
ഉക്രയിന്‍കാരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. അവരില്‍ ചെറിയൊരു ശതമാനം മാത്രമേ ആരോഗ്യപരമായ ആവശ്യങ്ങള്‍ അവതരിപ്പിക്കാറുള്ളു.ഇവര്‍ക്കായി പ്രത്യേക ജിപി ക്ലിനിക്കുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ മുതിര്‍ന്നവരും, യുവാക്കളുമാണ് ഗള്‍ഫ് ആഫ്രിക്കന്‍ പ്രവിശ്യകളില്‍ നിന്നും എത്തുന്ന അഭയാര്‍ത്ഥികള്‍.അവര്‍ക്കും ,പൂര്‍ണ്ണതോതിലുള്ള ആരോഗ്യസേവനങ്ങള്‍ സൗജന്യമായി നല്‍കും.
ഹോം കെയര്‍, ജിപി കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍, ആശുപത്രി അധിഷ്ഠിത സേവനങ്ങള്‍ എന്നിങ്ങനെ വിവിധ ആരോഗ്യ സേവനങ്ങള്‍ ആവശ്യമുള്ളവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇത് പരിഗണിച്ച് പുതിയ കമ്മ്യൂണിറ്റി ബേസ്ഡ് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ വന്‍ തോതില്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി 1100ലേറെ പുതിയ ഹോസ്പിറ്റല്‍ ബെഡ്ഡുകളും 26,000 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *