സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു
ജ്യോതികയും സൂര്യയും തെന്നിന്ത്യയുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ്. കാഖ കാഖ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ സൂര്യയും ജ്യോതികയും പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. പ്രണയിതാക്കളായിരുന്ന സൂര്യയും ജ്യോതികയും തമ്മില്‍ വിവാഹിതരായത് 2006ലാണ്. ഇരുവരും വീണ്ടും ഒരു സിനിമയില്‍ ഒന്നിച്ചെത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സംവിധായികയായ അഞ്‍ജലി മേനോന്റെ പുതിയ പ്രൊജക്റ്റിലാകും സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുക എന്ന് പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു, ഹലിത ഷമീമിന്റെ പുതിയ ഒരു ചിത്രത്തിലാകും ജ്യോതികയും സൂര്യയും വീണ്ടും ഒന്നിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. എന്തായാലും സൂര്യയും ജ്യോതികയും ഒന്നിച്ചേക്കുമെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിട്ടുണ്ട്.
സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. എന്തായാലും സൂര്യയുടെ കങ്കുവ ഒരു ദൃശ്യ വിസ്‍മയമായിരിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കങ്കുവയിലെ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്നും അടുത്തിടെ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൂര്യ നായകനാകുന്ന കങ്കുവയുടെ തിരക്കഥയും സംവിധാനവും സിരുത്തൈ ശിവയാണ്.
സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്നാണ് നേരത്തെയുണ്ടായ റിപ്പോര്‍ട്ട്. നായകൻ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി സൂര്യ വേഷമിടുമ്പോള്‍ ആരാധകര്‍ പ്രതീക്ഷകളിലാണ്. ദിഷാ പഠാണിയാണ് നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തും.