വിവാദ നായകന്റെ രണ്ടാം വരവ്: പുതിയ ദൗത്യത്തിന് കെഎസ്ആര്‍ടിസി നവ കേരള ബസ്; പൂര്‍ണ സജ്ജമായി കാത്തിരിപ്പ്
തിരുവനന്തപുരം: വിവിഐപി പരിവേഷങ്ങൾ അഴിച്ച് മാറ്റി നവകേരള ബസ്സ് ഇനി സാധാരണ സര്‍വ്വീസിലേക്ക്. കോഴിക്കോട് നിന്നും ബെംഗളൂരൂവിലേക്ക് ഈയാഴ്ച മുതൽ ബസിന്‍റെ ഓട്ടം തുടങ്ങം. കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാൻ പാകത്തിൽ രൂപമാറ്റം വരുത്തി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ റിലീസ് കാത്ത് കിടക്കുകയാണ് ബസ്.
മുഖ്യമന്ത്രിയും മന്ത്രിസഭയും കേരള പര്യടനം കഴിഞ്ഞ് വന്ന അന്ന് മുതൽ ബസ് ഇനി എന്ത് ചെയ്യുമെന്ന ചോദ്യങ്ങൾക്കാണ് ഉത്തരമാകുന്നത്. അവിടെയും ഇവിടെയും നിര്‍ത്തിയിട്ട് വിവാദമായതിന് ഒടുവിൽ, 1.25 കോടി രൂപയുടെ ബസ്സ് നേരെ ബംഗളൂരുവിലേക്ക് അയച്ചതാണ്. അരലക്ഷം മുടക്കിയ കറങ്ങുന്ന കസേര അടക്കം അലങ്കാരങ്ങൾ അഴിച്ച് മാറ്റി. യാത്രക്കാരുടെ ലഗേജ് വയക്കാനുള്ള സൗകര്യത്തിന് സീറ്റുകളുടെ ഘടനയും മാറ്റി. പുറത്തൊട്ടിച്ച സ്റ്റിക്കറും കളറും മാറ്റാൻ ഒന്നര ലക്ഷം പിന്നെയും ചെലവുള്ളതിനാൽ അത് തൽക്കാലം വേണ്ടെന്ന് വച്ചു.
കോൺട്രാക്ട് ക്യാരേജ് പെര്‍മിറ്റ് റദ്ദാക്കി കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാൻ പാകത്തിൽ ബസ്സ് ഇപ്പോൾ റഡിയാക്കി. അന്തർ സംസ്ഥാന സർവ്വീസിന് കർണ്ണാടകയുടെ അനുമതി കിട്ടി. പെര്‍മിറ്റിന്റെ ചില്ലറ സാങ്കേതിക കാര്യങ്ങൾ കൂടി പൂര്‍ത്തിയായാൽ പാപ്പനംകോട് ഡിപ്പോയിലെ ഈ മരത്തണലിൽ നിന്ന് ബസ്സ് മെല്ലെ പുറത്തിറങ്ങും. വിവാദക്കൊടുങ്കാറ്റുമായി കേരളം മുഴുവൻ കറങ്ങിയ ആ ബസ് ഇനി സാദാ സവാരിക്കിറങ്ങും.