മനാമ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് അവാര്‍ഡ് കരസ്ഥമാക്കി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബഹ്‌റൈന്‍ വിമാനത്താവളം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്.
അതെസമയം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ആഗോള റേറ്റിംഗ് സ്ഥാപനമായ സ്‌കൈട്രാക്സ് തിരഞ്ഞെടുത്തിരിക്കുന്നത് ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തെയാണ്. 12 തവണ ചാമ്പ്യന്‍മാരായ സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തെ മറികടന്നാണ് ദോഹയിലെ വിമാനത്താവളത്തിന്റെ കുതിപ്പ്.
ചാംഗി വിമാനത്താവളത്തിന് തൊട്ടുപിന്നില്‍, ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളം മൂന്നാം സ്ഥാനം നേടി, ടോക്കിയോയിലെ ഹനേഡ, നരിത വിമാനത്താവളങ്ങള്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തി. ദില്ലി ഇന്റര്‍നാഷണല്‍ വിമാനത്താവളം പട്ടികയില്‍ 36-ാം റാങ്ക് നിലനിര്‍ത്തുകയും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച വിമാനത്താവളം എന്ന പദവി ഒരിക്കല്‍ കൂടി സ്വന്തമാക്കുകയും ചെയ്തു. ഹൈദരാബാദ് വിമാനത്താവളം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് സര്‍വീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.