തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനിയുമായി നടത്തിയ മാസപ്പടി ഇടപാട് സംബന്ധിച്ച കേസിൽ പിടിമുറുക്കാൻ ഇ.ഡി. രാഷ്ട്രീയ ശ്രദ്ധയാകർഷിച്ച കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിച്ചേക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണക്ക് വൈകാതെ നോട്ടീസ് നൽകുമെന്നാണ് സൂചന. കേസിൽ കൂടുതൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയെ വീട്ടിൽ എത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ പേരുടെ മൊഴി എടുക്കുന്നതിലേക്ക് കടക്കുന്നത്. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലൂടെ വസ്തുത പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഇ.ഡിയുടെ നിർണായക നീക്കം.
സി.എം.ആർ.എൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി. സുരേഷ്‌കുമാർ, മുൻ കാഷ്യർ കെ.എം വാസുദേവൻ എന്നിവരെ വ്യാഴാഴ്ചയും ചോദ്യം ചെയ്തിരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഈ ജീവനക്കാരെ ചോദ്യം ചെയ്തത്. ബുധനാഴ്ച 10 മണിക്കൂറിൽ ഏറെയാണ് ശശിധരൻ കർത്തയെ ചോദ്യം ചെയ്തത്.
എന്നാൽ ഇ.ഡിയുടെ നീക്കത്തിനെതിരെ ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കർത്തയുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് കാലത്ത് മാസപ്പടി കേസിൽ ഇ.ഡി പിടിമുറുക്കുമ്പോൾ ഇടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശങ്ക നിറയുകയാണ്.
കേസ് അന്വേഷണത്തിലെ ഏറ്റവും നിർണായക നീക്കം മാസപ്പടി ഇടപാടിലെ മുഖ്യകണ്ണിയായ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യലാണ്.അത് വോട്ടെടുപ്പിന് മുൻപ് ഉണ്ടാകുമോ എന്നതാണ് സി.പി.എം കേന്ദ്രങ്ങളിൽ ആശങ്കയുടെ തോത് ഉയരാൻ കാരണം.
എന്നാൽ കിഫ്ബി മസാല ബോണ്ട് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഹാജരാകാതിരുന്ന് നിയമപരമായ മാർഗങ്ങൾ തേടിയ മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിൻെറ മാതൃക വീണയും സ്വീകരിക്കണമെന്ന അഭിപ്രായം സി.പി.എമ്മിൻെറ നേതൃതലത്തിൽ ശക്തമാണ്.
തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കണെമന്നാണ് നേതൃതലത്തിലുളള അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ അഭിപ്രായമാണ്. പാർട്ടി തലത്തിൽ ആലോചന നടക്കുന്നതിന് മുൻപേ ചോദ്യം ചെയ്യലിനെ നിയമപരമായി നേരിടുന്നതിനുളള നടപടികൾ വീണ തന്നെ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.
എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറിനിന്ന സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ തയാറായ ഇ.ഡി വീണയുടെ കാര്യത്തിലും അതേശൈലി അവലംബിക്കാനുളള സാധ്യത തളളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൌസിലേക്കോ മന്ത്രി പി.എ.മുഹമ്മദ് റിയാസിൻെറ ഔദ്യോഗിക വസതിയിലേക്കോ ആകും ഇ.ഡി കയറുക.
അത് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളേക്കാൾ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.അതുകൊണ്ടുതന്നെ മാസപ്പടി കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയേയും മകളെയും വലിയ കെണിയിലാണ് ചാടിച്ചിരിക്കുന്നത്.
ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ മാസപ്പടി കേസിലെ ചോദ്യം ചെയ്യൽ കൂടി വരുമ്പോൾ തിരഞ്ഞെടുപ്പിലെ വിജയ സാധ്യതകളെ ബാധിക്കുമോയെന്ന ആശങ്ക സി.പി.എമ്മിലും മുന്നണിയിലും ഉരുണ്ട് കൂടുന്നുണ്ട്.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലേത് പോലെ ഇത്തവണയും കനത്ത തിരിച്ചടി നേരിട്ടാൽ അതിൻെറ സമ്പൂർണ ഉത്തരവാദിത്തം വന്നുചേരുക മുഖ്യമന്ത്രി പിണറായി വിജയനിലേക്കാവും. അങ്ങനെ സംഭവിച്ചാൽ പാർട്ടിയിൽ സർവാധിപതിയായി വാഴുന്ന മുഖ്യമന്ത്രിയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്താനിടയുണ്ട്.
വീണയെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്ക് മുന്നിലുളള ഏക പോംവഴി കോടതി ഇടപെടൽ മാത്രമാണ്. അതുകൊണ്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പച്ചതിനെ ചോദ്യം വിളിപ്പിച്ചതിന് എതിരായ ശശിധരൻ കർത്തയുടെ ഹർജിയിലെ ഹൈക്കോടതി തീരുമാനം ഏറെ നിർണായകമായി മാറുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ രണ്ടാമത്തെ സമന്‍സ് ചോദ്യം ചെയ്തുകൊണ്ട് സി.എം.ആർ.എൽ എം.ഡി ശശിധരന്‍ കര്‍ത്തയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച്വനിതാ ജീവനക്കാരിയെ അടക്കം 24 മണിക്കൂറിലേറെ തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് പരിഗണനക്ക് എടുക്കുന്നത്. ചോദ്യം ചെയ്യൽ സമൻസിന് എതിരായ ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദീകരണം നല്‍കാനും സാധ്യതയുണ്ട്.
നടപടിക്രമങ്ങള്‍ നിയമപരമെന്നായിരുന്നു ഇ.ഡിയുടെ എപ്പോഴത്തെയും വാദം.കഴിഞ്ഞ ദിവസവും ഇ.ഡി അഭിഭാഷകന്‍ കോടതിയിൽ ഇക്കാര്യം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങൾ ഉള്‍പ്പടെയുള്ള കാര്യങ്ങൾ ഇ.ഡി ഇന്ന് കോടതിയെ അറിയിച്ചേക്കും.
ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പുറത്തു വരുന്നതും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് കരിമണൽ കമ്പനിയുടെ ഹർജികൾ പരിഗണിക്കുന്നത്.