ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ബാറ്റിംഗ് നിരയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ചെന്നൈയുടെ ബൗളര്‍മാര്‍ അമ്പേ പരാജയമായ മത്സരത്തില്‍ ലഖ്‌നൗവിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സ്‌കോര്‍: ചെന്നൈ-20 ഓവറില്‍ ആറു വിക്കറ്റിന് 176. ലഖ്‌നൗ-19 ഓവറില്‍ രണ്ട് വിക്കറ്റിന് 180.
തോല്‍ക്കാന്‍ മനസില്ലെന്ന ദൃഢനിശ്ചയം ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ലഖ്‌നൗ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിന്റെയും, ക്വിന്റോണ്‍ ഡി കോക്കിന്റെയും പ്രകടനം. ലഖ്‌നൗ ക്യാപ്റ്റനായ രാഹുല്‍ 53 പന്തില്‍ 83 റണ്‍സെടുത്തു. ഫോമിലേക്ക് തിരികെയെത്തിയ താരം ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ താനും യോഗ്യനാണെന്ന് തെളിയിക്കുന്ന തരത്തിലാണ് ബാറ്റേന്തിയത്. മറുവശത്ത്, ഡി കോക്ക് 43 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി. നിക്കോളാസ് പുരനും (12 പന്തില്‍ 23), മാര്‍ക്കസ് സ്റ്റോയിനിസും (ഏഴ് പന്തില്‍ എട്ട്) പുറത്താകാതെ നിന്നു.
തലയുടെ വിളയാട്ടം !
ബാറ്റിംഗിലെ ‘ധോണി വിസ്മയം’ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. പുറത്താകാതെ 40 പന്തില്‍ 57 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 18-ാമത്തെ ഓവറില്‍ എട്ടാമനായി ബാറ്റിംഗിന് എത്തിയ ധോണി വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. താരം പുറത്താകാതെ ഒമ്പത് പന്തില്‍ 28 റണ്‍സെടുത്തു.
20 പന്തില്‍ 30 റണ്‍സെടുത്ത മൊയിന്‍ അലി, 24 പന്തില്‍ 36 റണ്‍സെടുത്ത അജിങ്ക്യ രഹാനെ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ലഖ്‌നൗവിനു വേണ്ടി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.