ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതില്‍ ആകാംഷയേറുകയാണ്. ഐപിഎല്ലിലെ പ്രകടനം താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍. 10 താരങ്ങള്‍ ഇതിനകം തന്നെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച രീതിയില്‍ പന്തെറിയണമെന്ന് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ട്. ഐപിഎല്ലില്‍ കാര്യമായ പ്രകടനവും താരം പുറത്തെടുക്കുന്നില്ല. എങ്കിലും പാണ്ഡ്യ ടീമിലുള്‍പ്പെടുമെന്നാണ് വിവരം. ബാറ്റിംഗിനെക്കാള്‍ ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനമാണ് സെലക്ഷന്‍ കമ്മിറ്റി സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
ഐപിഎല്ലില്‍ മികച്ച ഫോമിലാണ് കോഹ്ലി. നിലവില്‍ ഓറഞ്ച് ക്യാപും അദ്ദേഹത്തിനാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം കോഹ്ലിയെ ഓപ്പണറായാണ് ടീം പരിഗണിക്കുന്നത്.
പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ഋഷഭ് പന്ത് ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇതിനകം തന്നെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചയാളാണ് പന്ത്. ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരാണ് രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്നത്.
ഇതില്‍ മധ്യനിരയില്‍ ബാറ്റിംഗിന് അനുയോജ്യനായ താരത്തെയാണ് ടീം തേടുന്നത്. ഇവരിൽ കിഷനും രാഹുലും ഐപിഎല്ലില്‍ മധ്യനിരയിൽ ബാറ്റ് ചെയ്തിട്ടില്ല. ജിതേഷ് മധ്യനിരയില്‍ അനുയോജ്യനാണെങ്കിലും ഐപിഎല്ലില്‍ മങ്ങിയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേസമയം, ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മലയാളി താരം സഞ്ജു സാംസണിന് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയേറെയാണെന്നാണ് വിലയിരുത്തല്‍.
ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, ശിവം ദുബെ എന്നിവരിൽ മൂന്ന് പേരെ മാത്രമേ ടീമിൽ ഉൾപ്പെടുത്തൂ. കോഹ്ലിയെ ഓപ്പണറായി പരിഗണിച്ചാല്‍ റിങ്കുവിനും ദുബെയ്ക്കും സാധ്യതയേറും. അതായത്, ഗില്‍, ജയ്‌സ്വാള്‍ എന്നിവര്‍ ടീമിലുള്‍പ്പെടാന്‍ സാധ്യത കുറവാണ്. ഇതില്‍ ഒരാള്‍ എന്തായാലും ടീമിന് പുറത്താകും.
ബാക്കപ്പ് സ്പിന്നറുടെ സ്ഥാനത്തിനായി യുസ്‌വേന്ദ്ര ചാഹലും അക്‌സർ പട്ടേലും രവി ബിഷ്‌ണോയിയും തമ്മിൽ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. അക്‌സറിൻ്റെ ബാറ്റിംഗ് മികവ് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.
പരിഗണനയിലുള്ള 20 അംഗ ടീം (അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ ഉള്‍പ്പെടെ):
സ്‌പെഷ്യലിസ്റ്റ് ബാറ്റേഴ്‌സ്: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്.
ഓൾ റൗണ്ടർമാർ: ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്സർ പട്ടേൽ.
സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാർ: കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്.
വിക്കറ്റ് കീപ്പർ: ഋഷഭ് പന്ത്, കെഎല്‍ രാഹുൽ, സഞ്ജു സാംസൺ.
പേസർമാർ: ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രഷ്ദീപ് സിംഗ്, അവേഷ് ഖാൻ.