ഞായറാഴ്ച പതിവിലും നേരത്തെ ഓടും; യുപിഎസ്‍സി പരീക്ഷ എഴുതുന്നവർക്ക് സഹായവുമായി കൊച്ചി മെട്രോ
കൊച്ചി: യുപിഎസ്‍സി പരീക്ഷ നടക്കുന്ന ഏപ്രിൽ 21ന് അധിക സർവ്വീസുമായി കൊച്ചി മെട്രോ. ഞായറാഴ്ച രാവിലെ 7 മണിക്ക് കൊച്ചി മെട്രോ സർവ്വീസ് തുടങ്ങും. യുപിഎസ്‍സി നാഷണൽ ഡിഫൻസ് അക്കാദമിയുടെ നേവൽ അക്കാദമി (ഐ), കമ്പൈൻഡ് ഡിഫൻസ് സർവ്വീസസ് (ഐ) പരീക്ഷകൾ നടക്കുന്നതിനാലാണ് കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിച്ചത്.
നിലവിൽ ഞായറാഴ്ച്ചകളിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നത്. പരീക്ഷ എഴുതുന്നവർക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്‍ററിൽ എത്തുന്നതിനായാണ് മെട്രോ പതിവിലും നേരത്തെ സർവീസ് തുടങ്ങുന്നത്. ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ഏഴ് മണിക്ക് മെട്രോ സർവീസ് തുടങ്ങും.
ഇനി ക്യൂ നിൽക്കേണ്ട, ഈ അഞ്ച് ആപ്പുകളിലൂടെ കൊച്ചി മെട്രോ ടിക്കറ്റെടുക്കാം
ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോ ഏപ്രിൽ 21ന് തുടങ്ങും
ഫോർട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 21ന് സർവ്വീസ് ആരംഭിക്കും. ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് ഞായറാഴ്ച്ച സർവ്വീസ് ആരംഭിക്കുന്നത്.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുമെന്ന് മെട്രോ അറിയിച്ചു. അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗത കുരുക്കിൽപ്പെടാതെ എത്തിച്ചേരാൻ കഴിയും.