ചെങ്കുത്തായ മല, 22 കിലോമീറ്റര്‍ കാല്‍നടയായി ബൂത്തിലേക്ക്; ഈ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമ്മതിക്കണം- വീഡിയോ

വെസ്റ്റ് കമെംഗ്: വളരെ സങ്കീര്‍ണമായ ഭൂമിശാസ്ത്രഘടനയുള്ള രാജ്യമാണ് എന്നതിനാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിക്കുക തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പുഴകളും വനങ്ങളും മരുഭൂമിയും മലനിരകളുമെല്ലാം താണ്ടിയാണ് തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത്. എത്രത്തോളം കഠിനമായ ജോലിയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ ഒരൊറ്റ വീഡിയോ കണ്ടാല്‍ മതി. 

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നൊപ്പം നിയമസഭ ഇലക്ഷനും നടക്കുന്ന അരുണാചല്‍ പ്രദേശില്‍ 22 കിലോമീറ്ററോളം ദൂരം കാല്‍നടയായി ചെന്ന് പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമെംഗ് ജില്ലയിലുള്ള ബോംഡില നിയമസഭ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലേക്കാണ് ഉദ്യോഗസ്ഥര്‍ ഇത്രത്തോളം ദൂരം നടന്ന് എത്തിച്ചേര്‍ന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കുതിരയുടെ പുറത്ത് വച്ചുകെട്ടി ബൂത്തില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പം ഉദ്യോഗസ്ഥരും ബൂത്തിലേക്ക് തളര്‍ച്ചയില്ലാതെ നടന്നു.

തെരഞ്ഞെടുപ്പ് ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ഉദ്യോഗസ്ഥരുടെ ഈ കഠിന പരിശ്രമത്തിന്‍റെ വീഡിയോ അരുണാചല്‍ പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഇന്നാണ് അരുണാചലില്‍ നിയമസഭ ഇലക്ഷന്‍ നടക്കുന്നത്. 60 നിയമസഭ മണ്ഡലങ്ങളും രണ്ട് ലോക്‌സഭ സീറ്റുകളുമാണ് അരുണാചല്‍ പ്രദേശിലുള്ളത്. 

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. 1625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ വോട്ടിംഗിനായി 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഇന്നാണ്. തമിഴ്നാട്ടില്‍ ആകെ 950 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 

Read more: ലോക്സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; തമിഴ്നാട്ടിലടക്കം 16 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin