ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 19-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളില്‍ ലഭ്യമാണ്.യുവാക്കളിലെ ജനാധിപത്യ ബോധത്തെ വളര്‍ത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പങ്കാളികളാക്കാനുമുള്ള തങ്ങളുടെ പ്രതിബന്ധതയുടെ ഭാഗമാണ് 19-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘വോട്ട് അസ് യൂ ആര്‍’ കാമ്പയിനെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.
ഈ സംരംഭത്തിലൂടെ കന്നി വോട്ടര്‍മാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകുന്നതില്‍ അവരോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.