മേഘാലയ: ആദ്യം വോട്ടുചെയ്യാനായാണ് രാവിലെ 6.30ന് മേഘാലയ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്ങ്മ പോളിങ്ങ് സ്റ്റേഷനിലെത്തിയത്. എന്നാൽ ടൂറ ലോക്‌സഭാ മണ്ഡലത്തിലെ വാല്‍ബക്‌ഗ്രെയിലെ പോളിങ്ങ് ബൂത്തിൽ മുഖ്യമന്ത്രിക്ക് കാണാനായത് ക്യൂവിലുള്ള ആള്‍ക്കൂട്ടത്തെ. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
‘ആദ്യം വോട്ട് ചെയ്യാമെന്ന് കരുതി ഞാന്‍ രാവിലെ 6.30ന് പോളിങ്ങ് ബൂത്തിലെത്തി. പക്ഷെ അതിശയപ്പെട്ട് പോയി. ഒരുപാട് പേര്‍ എനിക്ക് മുമ്പായി വോട്ടുരേഖപ്പെടുത്താന്‍ എത്തിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ട്രെന്‍ഡ് ആണ്. വോട്ടു ചെയ്യുക എന്നത് ഒരോ പൗരന്റെയും അവകാശമാണ്’.- സാങ്ങ്മ പ്രതികരിച്ചു.
രാജസ്ഥാനിലെ പട്ടികജാതി സംവരണ മണ്ഡലമായ ബിക്കാനീറിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ അര്‍ജ്ജുന്‍ രാം മേഘ്‌വാള്‍ വോട്ട് രേഖപ്പെടുത്തി.മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയുമായ ഒ പനീര്‍ശെല്‍വം തേനിയില്‍ വോട്ട് രേഖപ്പെടുത്തി.
ഡിഎംകെ അദ്ധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യക്കൊപ്പം എത്തിയാണ് സ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.
ജമ്മു കശ്മീരിലെ ഉധംപൂർ-ദോഡ ലോക്‌സഭാ സീറ്റിൽ പുരോഗമിക്കുന്നു. ഉധംപൂർ, കത്വ ജില്ലകളിലെ പോളിങ്ങ് ബൂത്തുകളിൽ വോട്ടർമാരുടെ വലിയ ക്യൂ തന്നെയുണ്ട്. ഉധംപൂർ-ദോഡ സീറ്റിൽ ബിജെപിയും ഇൻഡ്യ മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നത്.
കേന്ദ്രമന്ത്രിയായ ജിതേന്ദ്ര സിങ്ങാണ് ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസിൻ്റെ ചൗധരി ലാൽ സിങ്ങാണ് ബിജെപിയുടെ പ്രധാന എതിരാളി. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ ജി എം സറൂരിയും ഇവിടെ മത്സരരംഗത്തുള്ളത്. പന്ത്രണ്ട് സ്ഥാനാർത്ഥികളാണ് ഉധംപൂർ-ദോഡ ലോക്‌സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്.
മുസ്ലീം വോട്ടർമാർക്ക് സ്വാധീനമുള്ള റമ്പാൻ, ദോഡ, റമ്പാൻ ജില്ലകളും ഹിന്ദു വിഭാഗത്തിന് സ്വാധീനമുള്ള കത്വ, ഉധംപൂർ ജില്ലകളും മണ്ഡലത്തിൻ്റെ ഭാഗമാണ്. 8.45 ലക്ഷം പുരുഷ വോട്ടർമാരും 7.77 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 16.23 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.