Malayalam Poem: ഇലഞ്ഞിപ്പൂവ്, ഷിബി നിലാമുറ്റം എഴുതിയ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇലഞ്ഞിപ്പൂവ്
കൂട്ടുകാരാ,
നീ വരിക
മരുന്ന് മണക്കുന്ന
എന്റെയീ ഉഷ്ണമുറിക്കുള്ളില്‍ നിന്നും
നിന്റെ ഇരുകരങ്ങളിലേക്ക്
നീയെന്നെ കോരുക
ദൂരെ,
ഒറ്റത്തുരുത്തിന്നുമപ്പുറം
ഇലഞ്ഞി പൂക്കുന്ന
താഴ്വരയിലേക്ക്
നീയെന്നെ കൈപിടിച്ചു
നടത്തുക.
ഉലഞ്ഞടര്‍ന്ന് നോവ് തീക്ഷ്ണിച്ച
എന്റെ ഓരോ ചുവടുകള്‍ക്കും
നീ, പ്രത്യാശയുടെ
സൂര്യനാവുക.
നിദ്രയുടെ നിലാപ്പക്ഷികള്‍
ചിറകടിച്ച്
ചുറ്റും ഭ്രമണം ചെയ്യുമ്പോള്‍,
നിന്റെ മാറിലേക്ക്
എന്നെ ചായ്ക്കുക,
നിന്റെ ഉള്ളിലെ കവിതയാകെ
എന്റെ ചുണ്ടിലായ് ചുരത്തുക.
ഇലഞ്ഞിമണങ്ങള്‍
എനിക്കായി പൊഴിക്കുന്ന
ഒടുവിലത്തെ പൂക്കളെയും
നീയെന്റെ അഴിഞ്ഞുലഞ്ഞ
മുടിയിലേക്ക് കുടയുക,
എന്റെ നോവലിഞ്ഞ്
നിന്നിലേക്ക് ഒരു
ഇലഞ്ഞിയായി ഞാന്‍
പൂത്തിറങ്ങും വരെ,
നീ പാടിക്കൊണ്ടേയിരിക്കുക.
നീ
പാടിക്കൊണ്ടേയിരിക്കുക
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…