ഹാര്‍ദിക് വീണ്ടും നിരാശ! സൂര്യകുമാറിന് അര്‍ധ സെഞ്ചുറി; മുംബൈക്കെതിരെ പഞ്ചാബിന് 193 റണ്‍സ് വിജയലക്ഷ്യം
മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 193 റണ്‍സ് വിജയലക്ഷ്യം. മുല്ലാന്‍പൂര്‍, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് സൂര്യകുമാര്‍ യാദവിന്റെ (53 പന്തില്‍ 78) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പഞ്ചാബിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ക്യാപ്റ്റന്‍ സാം കറന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. പഞ്ചാബ് നിരയില്‍ ജോണി ബെയര്‍സ്റ്റോ കളിക്കുന്നില്ല. പകരം റിലീ റൂസ്സോ ടീമിലെത്തി.
തുടക്കത്തില്‍ തന്നെ ഇഷാന്‍ കിഷന്റെ (8) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. മൂന്നാം ഓവറില്‍ കഗിസോ റബാദയുടെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് രോഹിത് ശര്‍മ (25 പന്തില്‍ 36) – സൂര്യ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12-ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി കറന്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് തിലക വര്‍മ – സൂര്യ സഖ്യം 49 റണ്‍സ് ചേര്‍ത്തു.
17-ാം ഓവറില്‍ സൂര്യയും കറന്റെ മുന്നില്‍ കീഴടങ്ങി. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 10) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ടിം ഡേവിഡ് ഏഴ് പന്തില്‍ 14 റണ്‍സുമായി മടങ്ങി. റൊമാരിയോ ഷെഫേര്‍ഡിന് ഒരു റണ്‍സെടുക്കാനാണ സാധിച്ചത്. അവസാന പന്തില്‍ മുഹമ്മദ് നബി (0) റണ്ണൗട്ടായി. തിലക വര്‍മ 18 പന്തില്‍ 34 റണ്‍സുമായി പുറത്താവാതെ നിന്നു.
പഞ്ചാബ് കിംഗ്‌സ്: റിലീ റൂസോ, പ്രഭ്‌സിമ്രാന്‍ സിംഗ്, സാം കുറാന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്സി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുമ്ര.