കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും വർക്ക് പെർമിറ്റ് ഉപയോഗിച്ച് വിദേശത്ത് നിന്ന് കൊണ്ടുവരുന്ന പ്രവാസികളെ മാറ്റുന്നതിനും അധിക ഫീസ് ചുമത്തുന്നതിനുമുള്ള സംവിധാനം ഭേദഗതി ചെയ്യുന്നതിന് കുവൈത്തില്‍ അംഗീകാരം.  
രാജ്യത്തെ ഉയർന്ന തൊഴിലാളി വേതനവും തൊഴിലാളി ക്ഷാമവും പരിഹരിക്കുന്നതിനായി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അംഗീകാരം നല്‍കിയത്. പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന സംവിധാനം ഭേദഗതി ചെയ്യാൻ മാന്‍പവര്‍ അതോറിറ്റി ഡയറക്ടർ ബോർഡ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
വിദേശ റിക്രൂട്ട്‌മെൻ്റിന് 25 ശതമാനവും പ്രാദേശിക റിക്രൂട്ട്‌മെൻ്റിന് 75 ശതമാനവും നേരത്തെ നിശ്ചയിച്ചിരുന്ന ക്വാട്ടയ്ക്ക് പകരം തൊഴിലുടമകൾക്ക് അവരുടെ ലൈസൻസിനായി കണക്കാക്കിയ പ്രകാരം വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ കഴിയും. തൊഴിലാളികളുടെ ദൗർലഭ്യത്തിൻ്റെ ഫലമായി ഉയർന്ന വേതനം കുറയ്ക്കുന്നതിനും ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.
മുന്‍തീരുമാനം ബിസിനസ്സ് ഉടമകളെ അവരുടെ പ്രവർത്തന വിഭാഗങ്ങൾ അനുസരിച്ച് വിദേശത്ത് നിന്ന് പ്രത്യേക പെർമിറ്റുകൾ നേടാനും പ്രാദേശിക നിയമനത്തിലൂടെ റിക്രൂട്ട്‌മെൻ്റ് പൂർത്തിയാക്കാനും നിർബന്ധിതരാക്കിയിരുന്നു. ഇത് തൊഴിലാളികളുടെ കൂലി വർധിക്കുന്നതിന് കാരണമായി.
ആദ്യമായി വർക്ക് പെർമിറ്റ് നൽകുന്നതിന് 150 കെ.ഡി അധിക ഫീസ് ചുമത്തുന്നതാണ് പുതിയ തീരുമാനം. കുടിയേറ്റ തൊഴിലാളികൾ മൂന്ന് വർഷത്തിലേറെയായി രാജ്യത്ത് ഇല്ലെങ്കിൽ ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിന് 300 കെ.ഡി ഫീസും ഇത് ചുമത്തും. രണ്ട് സാഹചര്യങ്ങളിലും, കൈമാറ്റത്തിന് തൊഴിലുടമയുടെ അനുമതി ആവശ്യമാണ്.
തൊഴിലാളികളുടെ ചെലവും കൂലിയും കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു. ഇത് നിർമ്മാണ, കരാർ മേഖലകളിലെയും രാജ്യത്തെ മറ്റ് പ്രവർത്തനങ്ങളിലെയും ചെലവ് കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് പ്രതീക്ഷ.

By admin

Leave a Reply

Your email address will not be published. Required fields are marked *