മലപ്പുറം: ഇടതിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയായ പൊന്നാനിയിൽ അനായാസ വിജയം തേടിയാണ് യു.ഡി.എഫ് ഇറങ്ങിയിട്ടുള്ളത്. എന്നാൽ പുറമേയ്ക്ക് ശാന്തമാണെങ്കിലും അടിയൊഴുക്കുകളും കാറും കോളും നിറഞ്ഞ പൊന്നാപുരം കോട്ടയാണ് പൊന്നാനി. 18 തിരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഇടത് പ്രതിനിധികൾക്ക് ജയിക്കാനായത്.
1977നു ശേഷം ഇടതിന് ഇവിടെ ജയിക്കാനേ കഴിഞ്ഞിട്ടില്ല. മുസ്ലീം ലീഗിന്റെ കോട്ടയായ പൊന്നാനിയിൽ നിന്ന് ഇബ്രാഹിം സുലൈമാൻ സേട്ട്, ജി.എം ബനാത്ത് വാല, ഇ.അഹമ്മദ് തുടങ്ങിയ വൻ നേതാക്കൾ ലോകസഭയിലെത്തിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി അബ്ദുസമദ് സമദാനിയും എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും ഇടതുസ്ഥാനാർഥി കെ.എസ്. ഹംസയുമെല്ലാം പ്രചാരണം കൊഴുപ്പിക്കുകയാണ്.
1977 മുതൽ പൊന്നാനിയിൽ വിജയം ലീഗിനാണ്. മലയാളമറിയാത്ത ജി.എം.ബനാത്ത്‌വാലയും ഇബ്രാഹിം സുലൈമാൻ സേഠുവും 37 വർഷം കോണി വഴി കയറി ലോക്‌സഭയിൽ പൊന്നാനിയുടെ ശബ്ദമായി. മറുനാട്ടുകാർക്കു പോലും പൊന്നാനി ഒരുലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം നൽകിയിട്ടുണ്ട്.
ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ കോൺഗ്രസ് വിമതനായെത്തിയ നിലവിലെ മന്ത്രി വി. അബ്ദുറഹ്മാൻ മത്സരിച്ചപ്പോൾ മണ്ഡല ചരിത്രത്തിലാദ്യമായി ലീഗിന്റെ ഭൂരിപക്ഷം 25,410 വോട്ടായി കുറഞ്ഞിരുന്നു. അതിനാൽ കരുതലോടെയാണ് ഇത്തവണത്തെ യു.ഡി.എഫിന്റെ നീക്കം.
ലീഗ് കോട്ട തകർക്കാൻ സി.പി.എം. രംഗത്തിറക്കുന്നത് ലീഗ് മുൻ പോരാളിയായ കെ.എസ്. ഹംസയെയാണ്. ലീഗിൽ എതിർശബ്ദമുയർത്തി പുറത്തായ ആളാണ് കെ.എസ്. ഹംസ. ലീഗ് കോട്ടയിൽ രാഷ്ട്രീയ പരീക്ഷണത്തിന് സ്വതന്ത്രന്മാരെയാണ് സാധാരണ ഇടതുമുന്നണി നിയോഗിക്കാറുള്ളത്.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഹംസയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം കേഡർ വോട്ടുകൾക്കപ്പുറം അനുഭാവി വോട്ടുകളിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക അവസാന നിമിഷത്തിലും സി.പി.എമ്മിനുണ്ട്. കോൺഗ്രസ് വോട്ടുകൾ ചോർത്തിയാണ് 2014-ൽ ലീഗിനെ ഞെട്ടിച്ചതെങ്കിൽ, മുൻ ലീഗുകാരനായ ഹംസയിലൂടെ ഈ സാദ്ധ്യത സി.പി.എം കാണുന്നില്ല.
സിറ്റിംഗ് എംപിയായ ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും മലപ്പുറത്ത് നിന്ന് അബ്ദുസമദ് സമദാനിയെ പൊന്നാനിയിലേക്കും മാറ്റിയാണ് മുസ്ലിം ലീഗ് ഇത്തവണ അങ്കത്തിനിറങ്ങിയത്. സമസ്തയ്ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ മുജാഹിദ് വിഭാഗക്കാരനായ ഇ.ടിയെ നിർത്തുന്നത് സുരക്ഷിതമല്ല എന്ന തിരിച്ചറിവാണ് ലീഗിനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്.
സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരവും പൗരത്വ ഭേദഗതി നിയമം ഉൾപ്പെടയുള്ള കേന്ദ്ര സർക്കാർ നിലപാടുകളും അനുകൂല വോട്ടാക്കാനാണ് മുസ്ലിം ലീഗിന്റെ പ്രചാരണം. സമദാനിയുടെ വ്യക്തിപ്രഭാവത്തിൽ കോൺഗ്രസ് വോട്ടുകൾക്കൊപ്പം ഇതര സമുദായ വോട്ടുകളും സമാഹരിക്കാനാവുമെന്ന് ലീഗ് കണക്കുകൂട്ടുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പു വരെ നീറിപ്പുകഞ്ഞ സമസ്‌ത – ലീഗ് പോര് പുറമേയ്ക്ക് പ്രകടമല്ലെന്നതിന്റെ ആശ്വാസത്തിലാണ് മുസ്‌ലിം ലീഗ്. സമസ്തയിലെ ലീഗ് വിരുദ്ധരുടെ നീക്കങ്ങൾ മുളയിലേ നുള്ളാൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് എം.എൽ.എയ്ക്ക് പൊന്നാനിയുടെ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഏഴിൽ നാലിടത്തും എൽ.ഡി.എഫാണെങ്കിലും കോട്ടയ്ക്കൽ, തിരൂരങ്ങാടി, തിരൂർ നിയോജക മണ്ഡലങ്ങളിലെ വലിയ ഭൂരിപക്ഷത്തിന്റെ കരുത്തിലാണ് ലീഗ് മുന്നിലെത്താറുള്ളത്. ഇ.കെ സുന്നികൾക്ക് നിർണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാടു കൂടിയാണ് തിരൂരങ്ങാടി. ഇവിടം കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ഹംസയുടെ ഇപ്പോഴത്തെ പ്രവർത്തനം.
എൽ.ഡി.എഫ് എം.എൽ.എമാരുള്ള താനൂർ, തവനൂർ, തൃത്താല, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉയർത്തി വോട്ട് ചോർച്ചയുടെ ആഘാതം കുറയ്ക്കുകയാണ് ലീഗിന്റെ പദ്ധതി. ഇടതു വോട്ടിൽ നല്ലൊരു പങ്കും ഈഴവ വിഭാഗത്തിൽ നിന്നാണ്. തൃത്താല നിയോജക മണ്ഡലത്തിലാണ് മുന്നാക്ക വോട്ടുകൾക്ക് കാര്യമായ സ്വാധീനം.
2009 മുതൽ ഓരോ തിരഞ്ഞെടുപ്പിലും വോട്ട് ബാങ്ക് ഉയർത്തുകയാണ് ബിജെപി. ന്യൂനപക്ഷ വോട്ടുകളിൽ പ്രത്യേകിച്ച് മണ്ഡലത്തിലെ ഹിന്ദു വോട്ടുകളിൽ ആണ് ബിജെപി കണ്ണുവയ്ക്കുന്നത്. 2019 ൽ ബിജെപി ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടി എന്നത് ശ്രദ്ധേയമാണ്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ കൂടിയായ യുവ നേതാവ് നിവേദിത സുബ്രഹ്മണ്യൻ ആണ് ഇത്തവണ ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങുന്നത്.
കേന്ദ്ര സർക്കാരിന്റെ 10 വർഷത്തെ വികസന നേട്ടങ്ങളും ന്യൂനപക്ഷ സമൂഹത്തിനു വേണ്ടി ആവിഷ്കരിച്ച പദ്ധതികളും ചർച്ചയാക്കിയാണ് ബിജെപി രംഗത്തിറങ്ങുന്നത്. കോൺഗ്രസിനോടാണ് പ്രിയമെങ്കിലും മുന്നാക്കക്കാരിയായ സ്ഥാനാർത്ഥിയിലൂടെ വോട്ടിലൊരു പങ്ക് ഇത്തവണ അനുകൂലമാവുമെന്ന് ബി.ജെ.പി കണക്കൂകൂട്ടുന്നു.
2014-ൽ ലഭിച്ച 1.10 ലക്ഷം വോട്ട് ഒന്നര ലക്ഷമാക്കി ഉയർത്താവുമെന്നാണ് ബി.ജെ.പി ക്യാമ്പിന്റെ ആത്മവിശ്വാസം. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങൾക്ക് പുറമെ പാലക്കാടിലെ തൃത്താല അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്സഭാ മണ്ഡലത്തിലുള്ളത്. അട്ടിമറി ജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും. വിജയം തുടരാൻ യുഡി.എഫും പ്രയത്നിക്കുന്നതോടെ പൊന്നാനിയിലെ ഇത്തവണത്തെ അങ്കം കൊഴുക്കുമെന്നുറപ്പ്.