കൊച്ചി: മൂവാറ്റുപുഴ സ്പെഷ്യല്‍ സബ് ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും ഉള്‍പ്പെടെയുള്ള പൊതികള്‍ എറിഞ്ഞയാളെ പോലീസ് പിടികൂടി.
തൃക്കാക്കര എച്ച്.എം.ടി. കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടില്‍ വിനീതാ(32)ണ് പിടിയിലായത്. ഒരു പൊതിയില്‍ ഒരു കുപ്പി മദ്യവും മിനല്‍ വാട്ടറുമായിരുന്നു. മറ്റൊന്നില്‍ പതിനഞ്ച് കൂട് ബീഡിയും മൂന്നാമത്തെ പൊതിയില്‍ ഒരു ലൈറ്ററും 7 പായ്ക്കറ്റ് ചെമ്മീന്‍ റോസ്റ്റുമാണ് ഉണ്ടായിരുന്നത്.
മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയാണ് പൊതികള്‍ വലിച്ചെറിഞ്ഞത്. ഇന്നലെ സഹോദരനെ കാണാന്‍ വിനീത് സബ് ജയിലില്‍ എത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് മദ്യം അടക്കം വലിച്ചെറിഞ്ഞത്.
സാധനങ്ങള്‍ അടുക്കളയുടെ പിന്‍ഭാഗത്താണ് വന്നുവീണത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.