ലാഹോർ: പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തൻ്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസിൽ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറൽ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് ഇമ്രാൻ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിൻ്റെ ബനി ഗാല വസതിയിൽ തടങ്കലിൽ കഴിയുകയാണ് ഇപ്പോൾ ബുഷ്‌റ ബീബി.
മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും നിലവിൽ അഴിമതി കേസിൽ ജയിലിലാണ്. ഖാൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലിട്ട പോസ്റ്റിലാണ് മാധ്യമപ്രവർത്തകരുമായി ജയിലിൽ സംസാരിച്ച വിവരം ഇമ്രാൻ പങ്കുവെച്ചിരിക്കുന്നത്.
നിലവിൽ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ മാധ്യമ പ്രവർത്തകരോടാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
‘ഭാര്യക്കെതിരെ കേസെടുക്കുന്നതിൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന് നേരിട്ട് പങ്കുണ്ട്. വിധി പ്രസ്താവിക്കുന്നതിലും അസിം ജഡ്ജിനെ സ്വാധീനിച്ചു’വെന്ന് എക്‌സിലെ കുറിപ്പിൽ ഇമ്രാൻ പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കുറിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed