ഡല്‍ഹി: ‘പ്രണയപരാജയം’ മൂലം പുരുഷന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കേസില്‍ രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദുര്‍ബ്ബലമായ മാനസികാവസ്ഥയില്‍ ഒരാള്‍ എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.
യുവാവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍ വിചാരണ നേരിട്ട യുവതിക്കും യുവതിയുടെ സുഹൃത്തിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 2023 ലാണ് കേസിന് ആസ്പദമായ സംഭവം. ആത്മഹത്യ ചെയ്തയാളുടെ അച്ഛന്റെ പരാതിയിലാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുത്തത്. തന്റെ മകനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും സുഹൃത്തായിരുന്ന യുവാവുമായി പെണ്‍കുട്ടി അടുക്കുകയും അവര്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും പറഞ്ഞ് മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. ആത്മഹത്യ ചെയ്യാന്‍ കാരണം യുവതിയും സുഹൃത്തുമാണെന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.
പ്രണയപരാജയത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്താല്‍ മറ്റേ ആള്‍ക്ക് എതിരെയോ, പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താല്‍ അധ്യാപകനെതിരെയോ, കോടതിയില്‍ കേസ് തള്ളിയതുകൊണ്ട് ഒരു കക്ഷി ആത്മഹത്യ ചെയ്താല്‍ വക്കീലിനെതിരെയോ കേസ് എടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് അമിത് മഹാജന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *