കോട്ടയം: തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോട്ടയത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്തിയില്ലെന്നത് വിവാദമായി. സ്ഥാനാര്‍ഥി തൊട്ടടുത്തു നിന്ന് പ്രസംഗ പരിഭാഷ നടത്തിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്താനോ സ്ഥാനാര്‍ഥിയുടെ പേര് പരമര്‍ശിക്കാനോ രാഹുല്‍ ഗാന്ധി തയ്യാറായില്ലെന്നതാണ് പുതിയ വിവാദം.

നേതാക്കളുടെ കാലുമാറ്റം കൊണ്ട് പൊറുതിമുട്ടിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുമ്പ് 4 തവണ പാര്‍ട്ടിയും  4 തവണ മുന്നണിയും മാറിയ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നു എന്ന് സൂചനകളുണ്ടായിരുന്നു. 
സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചാല്‍ അദ്ദേഹത്തിന് ഏത് പാര്‍ട്ടിയിലേയ്ക്കും മുന്നണിയിലേയ്ക്കും ചുവടുമാറ്റത്തിന് തടസമില്ല. അതിനാല്‍ തന്നെ മുമ്പ് അത്തരത്തിലുള്ള ചരിത്രമുള്ള ഒരാളെ പാര്‍ലമെന്‍റിലേയ്ക്ക് മല്‍സരിപ്പിച്ചത് ഉചിതമായില്ലെന്ന തരത്തിലുള്ള അസംതൃപ്തിയാണ് രാഹുല്‍ ഗാന്ധി കോട്ടയത്ത് പ്രകടിപ്പിച്ചതെന്നാണ് നിരീക്ഷണം.

സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു രാഹുല്‍ കോട്ടയത്ത് പ്രചരണത്തിനെത്തിയത്. താന്‍ വിജയിച്ചാല്‍ തന്‍റെ പിന്തുണ രാഹുല്‍ ഗാന്ധിക്ക് ഗ്യാരണ്ടി ആണെന്നും തനിക്കെതിരെ രാഹുല്‍ ഒന്നും പറയില്ലെന്നുമായിരുന്നു കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ആദ്യം തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അത് ശരിവയ്ക്കുന്നതാണ് കോട്ടയത്തെ രാഹുലിന്‍റെ പ്രതികരണം എന്നാണ് തെളിഞ്ഞിരിക്കുന്നത്. മാത്രമല്ല, ജില്ലയില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയത്ത് രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം വന്നതുമില്ല.
ഇന്ത്യ മുന്നണിയ്ക്ക് വോട്ട് ചെയ്യണം എന്ന് മാത്രമാണ് രാഹുൽ പറഞ്ഞത്. കോട്ടയത്തു മത്സരിക്കുന്ന തോമസ് ചാഴികാടനും ഫ്രാൻസീസ് ജോർജും ഇന്ത്യ മുന്നണി സ്ഥാനാർഥികൾ ആണ് എന്നതാണ് കൗതുകം. സാധാരണ പ്രസംഗത്തിന് ഒടുവിൽ സ്ഥാനാർഥിയെ ചേർത്ത് നിർത്തി വോട്ട് അഭ്യർത്ഥിക്കുന്നതാണ് രാഹുലിന്റെ പതിവ്. കോട്ടയത്തു അതുണ്ടായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *