എന്തുകൊണ്ട് റോവ്മാന്‍ പവല്‍ അശ്വിന് പിന്നില്‍ എട്ടാമനായി കളിച്ചു? വിചിത്ര തന്ത്രത്തിന് പിന്നലെ കാരണമിത്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോവ്മാന്‍ പവനിലെ എട്ടാമനായി ഇറക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആര്‍ അശ്വിന് പിറകിലായിട്ടാണ് പവല്‍ ബാറ്റിംഗിനെത്തിയത്. 13 പന്തില്‍ 26 റണ്‍സുമായിട്ടാണ് പവല്‍ മടങ്ങിയത്. ബട്‌ലര്‍ക്കൊപ്പം 57 റണ്‍സ് ചേര്‍ക്കാനും പലവിനായിരുന്നു. 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ ആറിന് 121 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ തുണയായത് പലവിന്റെ ഇന്നിംഗ്‌സായിരുന്നു.

എന്നിരുന്നാലും വാലറ്റത്ത് കളിപ്പിക്കാനുള്ള തീരുമാനം മണ്ടത്തരമെന്നാണ് പലരും വിലയിരുത്തിയത്. പവല്‍ തന്നെ മത്സരശേഷം ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. പവല്‍ പറഞ്ഞതിങ്ങനെ… ”ഞാന്‍ വെസ്റ്റ് ഇന്‍ഡീസിനായി നാലോ അഞ്ചോ നമ്പറില്‍ ബാറ്റ് ചെയ്യുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒരു മികച്ച ടി20 ടീമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, എന്നെ ഓര്‍ഡറിലേക്ക് ഉയര്‍ത്താം. ഞങ്ങള്‍ക്കിനി കുറച്ച് അവധി ദിവസങ്ങളുണ്ട്. അതിനിടെ ടീം മാനേജ്‌മെന്റിന് എല്ലാം തീരുമാനിക്കാനുള്ള സമയമുണ്ട്.” അദ്ദേഹം മത്സരശേഷം വ്യക്തമാക്കി.

താരത്തെ അവസാനത്തേക്ക് മാറ്റിവെക്കാനുണ്ടായ യുക്തി എന്താണെന്നാണ് ആരാധകര്‍ ആലോചിക്കുന്നത്. ധ്രുവ് ജുറലിന് മുമ്പെങ്കിലും താരത്തെ ഇറക്കാമെന്നുള്ള വാദം ആരാധകര്‍ക്കിടയിലുണ്ട്. പവലിന് മുമ്പെത്തിയ ജുറല്‍ (2), ആര്‍ അശ്വിന്‍ (8), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. പവലിനെ വാലറ്റത്ത് ഇറക്കാനുള്ള കാരണവുമുണ്ട്. അശ്വിനും ജുറലും ബാറ്റിംഗിനെത്തുമ്പോള്‍ പന്തെറിഞ്ഞിരുന്നത് സ്പിന്നര്‍മാരായ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. 

ഇവരില്‍ നിന്ന് പവലിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് വാലറ്റത്ത് ഇറക്കിയതെന്നുമെന്നുള്ള വാദവുമുണ്ട്. നരെയ്‌ന്റെ പന്തിലാണ് ജുറല്‍ പുറത്താവുന്നത്. പിന്നീട് പവലിനെ മടക്കാനും നരെയ്‌നായി. ആര്‍ അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെ ചക്രവര്‍ത്തിയാണ് മടക്കിയത്. അതായത് മധ്യനിരയിലെ നാല് പേരെ പുറത്താക്കിയത് സ്പിന്നര്‍മാരാണെന്ന് അര്‍ത്ഥം.

സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി! കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

ജയത്തോടെ രാജസ്ഥാന്‍ ഒന്നാംസ്ഥാനം ഭദ്രമാക്കി. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. തോറ്റെങ്കിലും കൊല്‍ക്കത്ത തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു.
 

By admin