യൂത്ത് കോണ്‍ഗ്രസ് നേതാവ് സഞ്ചരിച്ച കാര്‍ തട്ടി പരിക്കേറ്റ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ചിന്ത പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ഏപ്രിൽ 13 ന് രാത്രി ന്യൂസ്18 ൻ്റെ ചാനൽ ചർച്ചയിൽ പങ്കെടുത്ത് മടങ്ങുന്ന നേരത്താണ് യൂത്ത് കോൺഗ്രസ് നേതാവ് കാർ പിന്നോട്ട് എടുത്ത് വന്ന് ഇടിച്ചത്. ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് പരിക്ക് പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.
ചാനൽ ചർച്ചയ്ക്ക് ഇടയിലും സംഘർഷം സൃഷ്ടിക്കാൻ ബോധപൂർവം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. ചർച്ച അവസാനിച്ച ഘട്ടത്തിലും ബഹളം തുടരുകയായിരുന്നു.അതിൻറെ തുടർച്ചയായാണ് ഈ ആക്രമണം അവർ നടത്തിയത് എന്നാണ് മനസ്സിലാക്കുന്നത്. ഇടിയുടെ അഘാതത്തിൽശരീരത്തിൽ ആകെ വേദനയായിരുന്നു.രാജ്യം നിർണായകമായ തെരഞ്ഞെടുപ്പ് നേരിടുന്ന ഈ ഘട്ടത്തിൽ അഞ്ചുദിവസം ആശുപത്രിയിൽ കഴിയേണ്ടി വരിക എന്നത് ശാരീരിക വേദനയെക്കാൾ അങ്ങേയറ്റം വിഷമകരമാണ്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ, പി കെ ശ്രീമതി ടീച്ചർ തുടങ്ങിയവർ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. സഖാക്കൾ എം. എ ബേബി, കെ.എൻ ബാലഗോപാൽ എസ്.സുദേവൻ, മുല്ലക്കര രത്നാകരൻ, നിരവധി ഡിവൈഎഫ്ഐ എസ്എഫ്ഐ സഖാക്കൾ തുടങ്ങിയവർ, എനിക്ക് അപകടം പറ്റി ആശുപത്രിയിൽ ആയത് മുതൽ നേരിട്ടെത്തുകയുണ്ടായി.
അപ്രതീക്ഷിത ആക്രമണം കണ്ട് ഭയന്നുപോയ അമ്മയ്ക്ക് ധൈര്യം നൽകിയതും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ സംരക്ഷിച്ചതും പ്രിയപ്പെട്ട സഖാക്കളായിരുന്നു. തെരഞ്ഞെടുപ്പിന് ഇടയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമം സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ ഭാഗത്തുണ്ടാകുന്നുണ്ട്.
പ്രിയപ്പെട്ട സഖാക്കൾ ഇത്തരം പ്രകോപനങ്ങളിൽ വീണു പോകരുത്.രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം തുടർന്ന് ഇലക്ഷൻ പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ കൂടിയും നേരിട്ട് എത്തിയും ധൈര്യം നൽകിയവർക്ക് എല്ലാം ഒരിക്കൽ കൂടി നന്ദി പറയുന്നു.