ചെന്നൈ: കേരളം പോളംഗ് ബൂത്തിലേക്ക് നീങ്ങാൻ 8നാൾ ശേഷിക്കവേ, അയൽ സംസ്ഥാനമായ തമിഴ്നാട് നാളെ വോട്ടുചെയ്യും. ആദ്യഘട്ടത്തിലാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ്. കേരളത്തിന്റെ അയൽപക്കമായ തമിഴ്നാട്ടിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് അടക്കം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ നാളെ ജനം വോട്ട് രേഖപ്പെടുത്തും. മുൻകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മുന്നണി ബന്ധങ്ങളിലെല്ലാം മാറി മറിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലവും മാറിമാറിയുമോ എന്ന് ജൂൺ നാലിനറിയാം. കേരളത്തിലും ജൂൺ നാലിനാണ് വോട്ടെണ്ണൽ. രാജ്യത്തെ 102 മണ്ഡലങ്ങളിലാണ് നാളെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
തമിഴ്നാട്ടിൽ 39മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 സീറ്റും നേടുമെന്നാണ് ഡി.എം.കെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷ. ഇതിനെ മറികടക്കാൻ കാടിളക്കിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. 2019ലെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻ.ഡി.എ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അണ്ണാ ഡി.എം.കെ മുന്നണി വിട്ടതോടെ ബി.ജെ.പി മുൻനിരയിലേക്ക് എത്തി. പ്രധാന പ്രതിപക്ഷമായിട്ടും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥികൾ മിക്ക മണ്ഡലങ്ങളിലും പ്രചാരണരംഗത്ത് മൂന്നാം സ്ഥാനത്തായി പോയി.
2019ൽ പ്രചാരണ കോലാഹലങ്ങളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷെ എൻ.ഡി.എക്ക് കിട്ടിയത് ഒരു സീറ്റ് മാത്രം. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 75 സീറ്റ് നേടി എൻ.ഡി.എ. ഇതിൽ 66ഉം എ.ഐ.ഡി.എം.കെയുടേതായിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
രാഷ്ട്രീയത്തിന്റെയും വികസനത്തിന്റെയും കാഴ്ചപ്പാടുകൾ മാറിയ പുതിയ തലമുറ വോട്ടർമാരെയാണ് എല്ലാ മുന്നണികൾക്കും ഭയം. യുവാക്കളുടെ വോട്ട് ആർക്കു കിട്ടുമെന്നതിലാണ് മുന്നണികളുടെ ജയപരാജയ സാദ്ധ്യതകൾ. ഡി.എം.കെയ്ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അത് വിനിയോഗിക്കേണ്ട ബി.ജെ.പിയും അണ്ണാ ഡി.എ.കെയും അകൽച്ചയിലായതോടെ ഭരണവിരുദ്ധ വോട്ടുകൾ വിഘടിക്കുമെന്നാണ് ഡി.എം.കെ.യുടെ പ്രതീക്ഷ.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കാരണം തമിഴ്നാടിനുണ്ടായ നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്നതിലൂടെ ബി.ജെ.പിക്കും സഖ്യകക്ഷികളും കഴിഞ്ഞ വർഷത്തെക്കാൾ നിലമെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്. പകുതിയിലേറെ സീറ്റുകൾ പുതുമുഖങ്ങൾക്ക് നൽകിയും ഡി.എം.ഡി.കെയ്ക്കൊപ്പം എസ്.ഡി.പി.ഐയുമായും സീറ്റുകൾ പങ്കവയ്ക്കുകയും ചെയ്ത അണ്ണാ ഡി.എം.കെ വലിയൊരു രാഷ്ട്രീയപരീക്ഷണമാണ് ഇത്തവണ നടത്തുന്നത്.
2019ൽ അഞ്ചു സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി ഇത്തവണ ഇരുപതിടത്താണ് മത്സരിക്കുന്നത്. കോയമ്പത്തൂരിൽ മുമ്പെങ്ങും ഇല്ലാത്തരീതിയിൽ പ്രചാരണം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ അവിടെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോയമ്പത്തൂരിനൊപ്പം കേന്ദ്രമന്ത്രി എൽ. മുരുകൻ മത്സരിക്കുന്ന നീലഗിരി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ മത്സരിക്കുന്ന കന്യാകുമാരി സീറ്റുകളിലാണ് പാർട്ടിക്ക് വിജയപ്രതീക്ഷ ഏറെ. ചെന്നൈ സൗത്ത് (തമിഴിസൈ സൗന്ദർരാജൻ), വിരുതുനഗർ (രാധിക ശരത്‌കുമാർ), തിരുനൽവേലി (നയിനാർ നാഗരാജൻ) എന്നിവിടങ്ങളും നേടാൻ കഴിയുമെന്നാണ് ബി.ജെ.പി കണക്കാക്കുന്നത്.
സഖ്യകക്ഷികളിൽ പി.എം.കെയുടെ പ്രതീക്ഷ മുഴുവൻ ധർമ്മപുരിയിലാണ്. അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ പ്രതീക്ഷ ടി.ടി.വി.ദിനകരൻ മത്സരിക്കുന്ന തേനിയിലും. രാമനാഥപുരത്ത് എൻ.ഡി.എ സ്വതന്ത്രനായി മത്സരിക്കുന്ന ഒ.പനീർശെൽവത്തിന്റെ രാഷ്ട്രീയഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. ബി.ജെ.പിയെക്കൂടാതെ 9പാർട്ടികളുടെ സഖ്യമാണ് എൻ.ഡി.എ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട തേനി ഉൾപ്പെടെ നേടി സമ്പൂർണവിജയം ഡി.എം.കെ മുന്നണി നേടുമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവകാശപ്പെടുന്നത്.
സേലം, ഈ റോഡ് ഉൾപ്പെടുന്ന കൊങ്കുനാട് മേഖലയിലെ സീറ്റുകളിലാണ് അണ്ണാ ഡി.എം.കെയുടെ വിജയപ്രതീക്ഷ. അവസാന മണിക്കൂറുകളിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രചാരണം ചെന്നൈയിലായിരുന്നു. കോയമ്പത്തിലായിരുന്നു അണ്ണാമലൈയുടെ കൊട്ടിക്കലാശം. മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ്. സനാതന ധർമ്മം മുതൽ കച്ചിത്തീവ് വിഷയം വരെ കത്തിനിന്ന പ്രചാരണത്തിനൊടുവിൽ ആരുടെ വിജയത്തിനായി തമിഴ്‍മക്കൾ വിധിയെഴുതുമെന്ന് ജൂൺ നാലിന് അറിയാം.