കൊച്ചി: ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം. കമ്യൂണിസ്റ്റ് പാർട്ടി ക്രിമിനലുകളുടെ സങ്കേതമാണെന്നും ജീവദീപ്തി മാസികയിലെ ലേഖനത്തിൽ പറയുന്നു.
ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ. സേവ്യർ കുടിയാംശ്ശേരിയുടേതാണ് ലേഖനം. ബിജെപിയിൽ അഴിമതിയില്ല എന്നുവേണം കരുതാനെന്നും ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ലെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.
കമ്മ്യൂണിസം അറിയാവുന്നവർ കമ്മ്യണിസ്റ്റ് പാർട്ടിയിലില്ല. അവർ അവരുടെ പാർട്ടിക്കാരെ മാത്രം സേവിക്കുന്നു. കോൺഗ്രസിലും പ്രതീക്ഷയില്ല. പുതിയ തലമുറ കോൺഗ്രസിൽ നിന്ന് മാറി ചിന്തിക്കുന്നു. ഇൻഡ്യ മുന്നണിക്ക് ദാർശനികമായ അടിത്തറയില്ല. നരേന്ദ്രമോദിക്ക് വിദേശത്ത് സ്വീകാര്യതയുണ്ട്. ബി ജെ പി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യതയെന്നും ലേഖനത്തിൽ പറയുന്നു.
ഇന്ത്യയെ ആര് നയിക്കം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മൾ ജനിച്ചുവളർന്ന കോൺ​ഗ്രസ് ഇന്നുണ്ടോ എന്ന് പുതുതലമുറ ചോദിക്കുന്നു. ‘അങ്ങനെ അട്ടിപ്പേറായി കിടന്ന് കോൺ​ഗ്രസിന് മാത്രം വോട്ടുചെയ്യാൻ മാത്രം ഈ പാർട്ടി നമുക്കെന്ത് ചെയ്തു.
യുഡിഎഫ് എൽഡിഎഫ് സഖ്യങ്ങൾ സെക്കുലറാണെന്ന് ആർക്കെങ്കിലും പറയാമോ. രണ്ടും വർ​ഗീയപ്രീണനമാണ് തുടരുന്നത്. യുഡിഎഫ് മുസ്ലിം ലീ​ഗിന് അടിയറവ് പറഞ്ഞിരിക്കുന്നു എന്ന് ഒരു ആരോപണമുണ്ട്. ഇടതുപക്ഷവും ഇക്കാര്യത്തിൽ മോശമല്ല. മുസ്ലിം ലീ​ഗിനെ പ്രലോഭിപ്പിച്ച് തങ്ങളുടെ ക്യാമ്പിലെത്തിക്കാനുള്ള തത്രപ്പാടിലാണവർ.
ബിജെപി കരുത്തോടെ ഇപ്പോൾ‌ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസനപ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. ബിജെപി ഇക്കുറി കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് സാധ്യത. കരുണാകരന്റെ മകൾ പത്മജ, എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി എന്നിവരെല്ലാം ബിജെപിയിലേക്ക് ചേക്കേറിക്കഴിഞ്ഞു.
ഇനിയും അയിത്തം കല്പിച്ചു പുറത്തുനിർത്തിയാൽ നാളെ അവർ നമ്മെ പുറത്തുനിർത്തും. അതിലും നല്ലത് നമ്മൾ അകത്തു കടക്കുകയല്ലേ. മാത്രമല്ല എത്രകാലം നമ്മൾ അധികാരസീമയ്ക്ക് പുറത്തുനിൽക്കും’- ലേഖനം പറയുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed